Breaking News

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമമെന്ന് മന്ത്രി; മെഗാ വാക്സിനേഷനും ആശങ്കയില്‍

കെ.കെ.ശൈലജ, പ്രതീകാത്മക ചിത്രം

കണ്ണൂര്‍: സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമമുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. വാക്‌സിന്‍ ക്ഷാമം മെഗാ വാക്സിനേഷന്‍ പദ്ധതിക്ക് തടസ്സമാകുമെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ വാക്‌സിന്‍ എത്തിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മെഗാ വാക്‌സിനേഷന്‍ കൃത്യമായി നടപ്പിലാക്കുന്നതിനാല്‍ സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം നന്നായി അനുഭവപ്പെടുന്നുണ്ട്. ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രിയുടെയും ആരോഗ്യവകുപ്പ് സെക്രട്ടറിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നിഷേധാത്മക നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് പറഞ്ഞ മന്ത്രി 50 ലക്ഷം ഡോസ് ചോദിച്ചിട്ട് അതിന്റെ പകുതി പോലും ലഭ്യമായിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
വാക്സിന്‍ നേരിട്ടുവാങ്ങാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കില്ല. കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കണം. സ്വകാര്യ മേഖലയില്‍ വാക്സിന്‍ വാങ്ങാനുള്ള അനുവാദം കൂടി കേന്ദ്രം നല്‍കിയാല്‍ വാക്സിനേഷന്‍ വേഗത വര്‍ധിപ്പിക്കാന്‍ സാധിച്ചേക്കും. ഇത്തരം അടിയന്തര നടപടികള്‍ കേന്ദ്രം കൈകൊള്ളണം. അടുത്ത ദിവസങ്ങളില്‍ വലിയ തോതില്‍ വാക്സിന്‍ ലഭ്യമായിട്ടില്ലെങ്കില്‍ സംസ്ഥാനത്തെ മെഗാ വാക്സിനേഷന്‍ പദ്ധതി അവതാളത്തിലാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
അതേസമയം, രോഗതീവ്രതയുള്ള സ്ഥലങ്ങളില്‍ പ്രാദേശിക ലോക്ഡൗണ്‍ വേണ്ടിവരുമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. സമ്പൂര്‍ണ ലോക്ഡൗണ്‍ ഇനി ബുദ്ധിമുട്ടുള്ള കാര്യമാണ്. ആളുകളുടെ ജീവന്‍ മാത്രമല്ല, ജീവിത ഉപാധികൂടി സംരക്ഷിക്കേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *