
ആലപ്പുഴ: കായംകുളം വള്ളിക്കുന്നത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ അഭിമന്യു(15)വിനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു. സജയ് ദത്ത് എന്നയാളാണ് അഭിമന്യുവിനെ കുത്തിയത്. ഇയാളുടെ അച്ഛനെയും സഹോദരനെയും ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് വള്ളിക്കുന്നത് ഇന്ന് സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
വള്ളികുന്നം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ അഭിമന്യു പുത്തന്‍ ചന്ത, കുറ്റിയില്‍ തെക്കതില്‍ അമ്പിളികുമാറിന്റെ മകനാണ്. പൂര്‍വ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വള്ളികുന്നം പടയണിവെട്ടം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷമാണ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.
കഴിഞ്ഞ ദിവസം മറ്റൊരു സ്ഥലത്തുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിരുന്നു പടയണിവെട്ടം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷം. ഇന്നലെ രാത്രി 9.30ന് ക്ഷേത്രത്തിനു മുന്നിലെ സ്‌കൂളിനു സമീപമായിരുന്നു സംഘര്‍ഷം. പതിനഞ്ചിലധികം വരുന്ന സംഘങ്ങള്‍ തമ്മില്‍ ആണ് ഏറ്റുമുട്ടിയതെന്നും, ഇവര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.
മറ്റ് രണ്ടു പേര്‍ക്കുകൂടി സംഭവത്തില്‍ പരുക്കേറ്റിട്ടുണ്ട്. വള്ളികുന്നം സ്വദേശികളായ ആദര്‍ശ് (16), കാശിനാഥ് (16) എന്നിവര്‍ക്കാണ് പരുക്കേറ്റത്. സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.