
പാനൂര്‍: കണ്ണൂര്‍ പാനൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസില്‍ തിരിച്ചറിഞ്ഞ 11 പ്രതികളും സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെന്ന് എഫ്.ഐ.ആര്‍ വ്യക്തമാക്കുന്നു. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ബോബെറിഞ്ഞതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. 11 പ്രതികളില്‍ പോലീസിന്റെ പിടിയിലായ ഷിനോസ് ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇയാളെ കൂടാതെ രതീഷ്, സംഗീത്, ശ്രീരാഗ്, സുഹൈല്‍, സജീവന്‍, അശ്വന്ത്, ശശി, സുമേഷ്, ജാബിര്‍, നാസര്‍ എന്നിവര്‍ അക്രമിസംഘത്തില്‍ ഉണ്ടായിരുന്നതായാണ് എഫ്.ഐ.ആര്‍.
അതിനിടെ, കേസിലെ രണ്ടാം പ്രതി പുല്ലൂക്കര കൊച്ചിയങ്ങാടി കൂലോത്ത് രതീഷിനെ ഇന്നലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. കോഴിക്കോട് ജില്ലയിലെ ചെക്യാട് പഞ്ചായത്തിലെ കായലോട് അരൂണ്ട കൂളിപ്പാറ കിഴക്കെ ചാലിലെ കശുമാവിന്‍ തോട്ടത്തിലാണു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാം പ്രതിയായാണ് ഇയാളുടെ പേര് എഫ്.ഐ.ആറിലുള്ളത്. ഇന്നലെ വൈകിട്ട് നാട്ടുകാരാണു മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. നാദാപുരം ഡിവൈഎസ്പി പി.എ.ശിവദാസന്‍, വളയം പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍.മനോജ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധിച്ചു.
ഡി.വൈ.എഫ്.ഐ മേഖല ട്രഷറര്‍ ആയ സുഹൈലാണ് കൊലപാതകത്തിന് നേതൃത്വം നല്‍കിയതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന. ഇയാളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 25 പേരടങ്ങുന്ന അക്രമി സംഘമാണ് മന്‍സൂറിനെയും സഹോദരന്‍ മുഹ്‌സിനെയും ആക്രമിച്ചത്. ഇതില്‍ പലരെയും കണ്ടാലറിയാമെന്ന് മുഹ്‌സിന്‍ വെളിപ്പെടുത്തിയിരുന്നു.