Breaking News

കോവിഡ് വ്യാപനം; സംസ്ഥാനത്ത് ജാഗ്രതാ മുന്നറിയിപ്പ്

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കഴിഞ്ഞ് കോവിഡ് വ്യാപനതോത് വര്‍ധിച്ചതോടെ സംസ്ഥാനത്ത് ജാഗ്രതാ മുന്നറിയിപ്പ്. സംസ്ഥാന ആരോഗ്യവകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ കുറേ ദിവസങ്ങളായി കുറഞ്ഞിരുന്ന കോവിഡ് വ്യാപനം ഇപ്പോള്‍ 3500 കടന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് വരുന്ന മൂന്നാഴ്ച നിര്‍ണായകമാണെന്നും ഈ സാഹചര്യം മുന്നില്‍ കണ്ട് എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരും വോട്ട് രേഖപ്പെടുത്തിയ പൊതുജനങ്ങളും ജാഗ്രത പാലിക്കണം. അങ്ങനെയുള്ളവര്‍ പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ എത്രയും വേഗം കോവിഡ് പരിശോധന നടത്തണം. ബാക് ടു ബേസിക്‌സ് കാമ്പയിന്‍ എല്ലാവരും ഏറ്റെടുക്കണം-ആരോഗ്യവകുപ്പിന്റെ വാര്‍ത്താക്കുറിപ്പില്‍ നിര്‍ദേശിക്കുന്നു.
ദിനംപ്രതിയുള്ള കോവിഡ് പരിശേധന വര്‍ധിപ്പിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ആര്‍.ടി.പി.സി.ആര്‍ പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്. ‘ബാക് ടു ബേസിക്‌സ്’ കാമ്പയിന്‍ ശക്തിപ്പെടുത്തുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ തുടക്ക കാലത്തേക്ക് മടങ്ങിപ്പോകണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. സാനിറ്റൈസര്‍ അല്ലെങ്കില്‍ സോപ്പ് ഉപയോഗിച്ച് കൈ വൃത്തിയാക്കല്‍, മാസ്‌കിന്റെ ഉപയോഗം, സാമൂഹിക അകലം പാലിക്കല്‍ എന്നിവയില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നു. ‘ബാക് ടു ബേസിക്‌സ്’ കാമ്പയിന്‍ ശക്തിപ്പെടുത്തുകയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസം 33,699 ആര്‍ടിപിസിആര്‍ പരിശോധന ഉള്‍പ്പെടെ ആകെ 60,554 പരിശോധനകളാണ് നടത്തിയത്. സംസ്ഥാനത്തിന് പുറത്തുനിന്നും വരുന്നവരുടെ ഒരാഴ്ച ക്വാറന്റൈനും നിര്‍ബന്ധമാക്കിയിട്ടുണ്ട്. സിറോ സര്‍വയലന്‍സ് സര്‍വേ പ്രകാരം സംസ്ഥാനത്ത് 10.76 ശതമാനം പേര്‍ക്കുമാത്രമേ കോവിഡ് വന്നുപോയിട്ടുള്ളൂ. 89 ശതമാനം ആളുകള്‍ക്കും കോവിഡ് വന്നിട്ടില്ലാത്തതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്. 45 വയസ് കഴിഞ്ഞവര്‍ കഴിയുന്നതും വേഗത്തില്‍ കോവിഡ് വാക്‌സിനെടുക്കേണ്ടതാണ്. സംസ്ഥാനത്ത് ഇതുവരെ 37,56,751 പേര്‍ ആദ്യ ഡോസ് വാക്‌സിനും 4,47,233 പേര്‍ രണ്ടാം വാക്‌സിനും ഉള്‍പ്പെടെ ആകെ 42,03,984 പേരാണ് വാക്‌സിനെടുത്തിട്ടുള്ളത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *