Breaking News

വര്‍ക്കലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തൂങ്ങി മരിച്ച നിലയില്‍; ദുരൂഹതയെന്ന് പാര്‍ട്ടി

തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട അല്‍ സമീര്‍. മൃതദേഹം കണ്ടെത്തിയ സ്ഥലവും അല്‍ സമീറിന്റെ സ്‌കൂട്ടറും.

വര്‍ക്കല: വര്‍ക്കല നടയറയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തൂങ്ങി മരിച്ച നിലയില്‍. നടയറ കുന്നില്‍ പുത്തന്‍വീട്ടില്‍ നജ്മയുടെ മകന്‍ അല്‍ സമീറി(34)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്വാശ്രമം മാലിന്യ പ്ലാന്റിന് സമീപമുള്ള മരത്തില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് മൃതദേഹം. നാട്ടില്‍ പാചകത്തൊഴിലാളിയായ അല്‍ സമീര്‍. ഇടയ്ക്ക് പ്രവാസ ജീവിതവും നയിച്ചിട്ടുണ്ട്. മൃതദേഹത്തിനടുത്ത് തന്നെ ഇയാളുടെ സ്‌കൂട്ടര്‍ കണ്ടെത്തി.
യൂത്ത് കോണ്‍ഗ്രസ് കുന്നില്‍ യൂണിറ്റ് സെക്രട്ടറിയാണ് മരിച്ച അല്‍ സമീര്‍. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ദുരൂഹത ആരോപിച്ച് രംഗത്തെത്തി. ഇന്നലെ രാത്രി നടയറയില്‍ നടന്ന രാഷ്ട്രീയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് ദുരൂഹത ആരോപിക്കുന്നത്. ഇന്നലെ നടന്ന കോണ്‍ഗ്രസ്-സി.പി.എം സംഘര്‍ഷത്തെ തുടര്‍ന്ന് ഇരു പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നൈസാം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുമാണ്.

ഫോറന്‍സിക് വിദഗ്ധര്‍ സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുന്നു

പരിസരവാസിയായ ഒരു ചെറുപ്പക്കാരനാണ് അല്‍ സമീറിന്റെ മൃതദേഹം ആദ്യം കണ്ടത്. അയാള്‍ അടുത്ത വീട്ടിലെ ഒരു സ്ത്രീയോട് വിവരം പറയുകയായിരുന്നു. ആ സ്ത്രീയുടെ മകനാണ് സംഭവം പോലീസില്‍ അറിയിച്ചത്. അതേസമയം, രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സമീര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. വീട്ടില്‍ വച്ചായിരുന്നു ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആത്മഹത്യാ ശ്രമം കണ്ടെത്തിയ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചതുകൊണ്ട് ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 3 മണിക്ക് ജോലിക്കെന്ന് പറഞ്ഞാണ് അല്‍ സമീര്‍ വീട്ടില്‍നിന്നും ഇറങ്ങിയത്. രാത്രി ഒന്നര മണിവരെ ഇയാളെ കണ്ടവരുണ്ട്. ആ സമയം അല്‍ സമീര്‍ മദ്യപിച്ചിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഇയാളുടെ സുഹൃത്തുക്കളില്‍ പലരും ഇന്നലെ രാത്രി നടയറയില്‍ നടന്ന രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലായിരുന്നു.
സംഭവ സ്ഥലം വര്‍ക്കല പോലീസിന്റെ നിരീക്ഷണത്തിലാണ്. ഫോറന്‍സിക് വിഭാഗം സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയാണ്. സജീനയാണ് അല്‍ സമീറിന്റെ ഭാര്യ. സജീന ഇപ്പോള്‍ ഗര്‍ഭിണിയാണ്. രണ്ട് കുട്ടികളുമുണ്ട് അല്‍ സമീര്‍-സജീന ദമ്പതികള്‍ക്ക്.

Related posts

Leave a Reply

Your email address will not be published. Required fields are marked *