
കണ്ണൂര്‍: പാനൂര്‍ പുല്ലൂക്കരയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനായ മന്‍സൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിവാദ പോസ്റ്റ് ഇട്ട മകനെ തള്ളിപ്പറഞ്ഞ് സി.പി.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. മന്‍സൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ‘ഇരന്നു വാങ്ങുന്നതു ശീലമായിപ്പോയി’ എന്നാണ് പി.ജയരാജന്റെ മകന്‍ ജെയ്ന്‍ രാജ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്.
എന്നാല്‍, മകന്റെ പോസ്റ്റ് വിവാദമായതോടെ മകനെ തള്ളിപ്പറഞ്ഞ് രംഗത്തുവന്നിരിക്കുകയാണ് ജയരാജന്‍. ഏതു സാഹചര്യത്തിലാണു മകന്‍ ഇങ്ങനെയൊരു പോസ്റ്റിട്ടത് എന്നറിയില്ലെന്നും പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരത്തിലൊരു അഭിപ്രായ പ്രകടനത്തോടു താന്‍ യോജിക്കുന്നില്ലെന്നും ജയരാജന്‍ പറയുന്നു. ദൗര്‍ഭാഗ്യകരമായ മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തില്‍ പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടണമെന്ന ആഹ്വാനവും പോസ്റ്റിലുണ്ട്.