
മുംബൈ: രാജ്യത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമമില്ലെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹര്‍ഷ വര്‍ധന്‍. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് സര്‍ക്കാരുകള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രിയുടെ വിശദീകരണം. ഓരോ സംസ്ഥാനത്തിനും ആവശ്യത്തിനുള്ള വാക്‌സിന്‍ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുംബൈ നഗരത്തില്‍ ഒരു ലക്ഷത്തിനടുത്ത് കോവിഷീല്‍ഡ് വാക്‌സിന്‍ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും വാക്‌സിന്‍ അപര്യാപ്തതയുണ്ടെന്നും മുംബൈ മേയര്‍ കിഷോറി പെഡ്‌നേക്കര്‍ അഭിപ്രായപ്പെട്ടിരുന്നു. മൂന്ന് ദിവസത്തേക്കുള്ള വാക്‌സിന്‍ മാത്രമേ തങ്ങളുടെ പക്കല്‍ ഉള്ളൂവെന്ന് മഹാരാഷ്ട്ര സര്‍ക്കാരും നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ 3.7 ലക്ഷം വാക്‌സിസിന്‍ ഡോസുകള്‍ മാത്രമേ സംസ്ഥാനത്തുള്ളൂവെന്ന് ആന്ധ്രാപ്രദേശ് സര്‍ക്കാരും കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധന്‍ പ്രതികരിച്ചത്. ‘ഒരു സംസ്ഥാനത്തും നിലവില്‍ വാക്സിന്‍ ക്ഷാമം ഇല്ല. അങ്ങനെ ഒരവസ്ഥ സംജാതമാകാന്‍ അനുവദിക്കില്ല. എല്ലാ സംസ്ഥാനങ്ങളോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വാക്സിന്‍ അപര്യാപ്തത ഇല്ല. ആവശ്യത്തിനനുസരിച്ചുള്ള വാക്സിന്‍ വിതരണം തുടരും’- കേന്ദ്ര മന്ത്രി ഉറപ്പുനല്‍കി.