Breaking News

കോവിഡ് വ്യാപനം അതിരൂക്ഷം; ഒറ്റ ദിവസം 1.15 ലക്ഷം കേസുകള്‍

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 630 ആണ്. 59,856 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,28,01,785 ആയി ഉയര്‍ന്നു. മരണസംഖ്യ 1,66,177 ആണ്.
മഹാരാഷ്ട്ര, കര്‍ണാടക, ചത്തീസ്ഗഢ്, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം കൂടുതല്‍. മഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 55,000 പേര്‍ക്കും ഡല്‍ഹിയില്‍ 5,100 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യമൊട്ടാകെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ കര്‍ശന നിയന്ത്രണത്തിലേക്ക് നീങ്ങാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര സര്‍ക്കാര്‍ രാത്രി സമയത്തും ശനി, ഞായര്‍ ദിവസങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയപ്പോള്‍ ഡല്‍ഹി ചൊവ്വാഴ്ച മുതല്‍ ഏപ്രില്‍ 30 വരെ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാനത്ത് മൂന്നോ നാലോ ദിവസം ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഗുജറാത്ത് ഹൈക്കോടതിയുടെ നിര്‍ദേശവുമുണ്ട്. തമിഴ്നാട്ടില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള പ്രഖ്യാപനം ബുധനാഴ്ച ഉണ്ടായേക്കും. വോട്ടെടുപ്പിനുശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞദിവസം ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണന്‍ അറിയിച്ചിരുന്നു. കേരളത്തിലും തെരഞ്ഞെടുപ്പിനോട് അനബന്ധിച്ച് കോവിഡ് വ്യാപനം രൂക്ഷമാകുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *