
വര്‍ക്കല: വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ വാക്‌പോര് തുടര്‍ന്ന് വര്‍ക്കലയിലെ യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍. നിലവില്‍ എം.എല്‍.എയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ അഡ്വ.ബി.ജോയി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുകൊണ്ട് തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നാണ് യു.ഡി.എഫ് സ്താനാര്‍ത്ഥിയായ അഡ്വ.ബി.ആര്‍.എം.ഷെഫീറിന്റെ ആരോപണം. കടുത്ത ഭാഷയിലാണ് അഡ്വ.ജോയിക്കെതിരെ ബി.ആര്‍.എം.ഷെഫീര്‍ ആരോപണം ഉന്നയിച്ചത്.
തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പാകുമ്പോള്‍ എതിരാളികള്‍ രാഷ്ട്രീയ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നത് തനിക്ക് മനസിലാകും. എന്നാല്‍, ഇത്രയും നീചമായ രീതിയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും തെരഞ്ഞെടുപ്പ ചട്ടങ്ങളുടെ ലംഘനവും അപലപിക്കേണ്ടതാണെന്ന് ബി.ആര്‍.എം.ഷെഫീര്‍ പറഞ്ഞു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി നേരിട്ടാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ഒരു സ്ഥാനാര്‍ത്ഥി നല്‍കുന്ന സത്യവാങ്മൂലം പബ്ലിക് പ്രോപ്പര്‍ട്ടിയാണ്. എന്നാല്‍, അത് പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് ആരെന്ന് വ്യക്തമാക്കാതെ വ്യാജ ആരോപണങ്ങള്‍ കൂടി ചേര്‍ത്ത് പ്രിന്റ് ചെയ്ത് ലഘുലേഖയാക്കി പ്രചരിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ്. എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഈ വ്യാജ രേഖകള്‍ പ്രചരിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ യു.ഡി.എഫ് പ്രവര്‍ത്തകരുടെ കൈവശമുണ്ട്. വെട്ടൂര്‍ പഞ്ചായത്തിലെ പഞ്ചായത്ത് മെമ്പര്‍ നേരിട്ടാണ് ഈ ലഘുലേഖകള്‍ വിതരണം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഇക്കാര്യത്തില്‍ ഇലക്ഷന്‍ കമ്മീഷനില്‍ കൃത്യമായ പരാതി നല്‍കിയിട്ടുണ്ട്. മിമിക്രി ആര്‍ട്ടിസ്റ്റുകളെ ഉപയോഗിച്ച് വ്യാജ ശബ്ദരേഖകള്‍ പ്രചരിപ്പിക്കുന്നുവെന്നും നിസ്‌കരിക്കുന്ന വീഡിയോ ഹൈന്ദവ ഭൂരിപക്ഷമുള്ള മേഖലകളില്‍ പ്രചരിപ്പിച്ച് വര്‍ഗ്ഗീയ വേര്‍തിരിവുണ്ടാക്കുക തുടങ്ങിയ നീചമായ പ്രവര്‍ത്തികളാണ് അഡ്വ.ജോയിയുടെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ വര്‍ക്കലയില്‍ നടത്തിവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വ്യാജ പ്രചരണങ്ങളുമായാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇറങ്ങിയിരിക്കുന്നതെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.ബി.ജോയി ആരോപിച്ചു. സ്വന്തമായി സ്വത്തൊന്നുമില്ലാത്തവനാണ് യു.ഡി.എഫ് സ്ഥാര്‍ത്ഥി എന്ന പ്രചരണത്തോടെയാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയത്. എന്നാല്‍, തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പരിശോധിച്ചാല്‍ അത് കള്ളമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. വ്യാജ വീഡിയോകള്‍ സൃഷ്ടിച്ച് എല്‍.ഡി.എഫിനെ തോല്‍പിക്കാന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബി.ആര്‍.എം.ഷെഫീര്‍ ശ്രമിക്കുന്നതായും ജോയി പറഞ്ഞു. ഇലക്ഷന്‍ കഴിഞ്ഞ് വിജിലന്‍സ് അന്വേഷണത്തിലൂടെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഷെഫീറിന്റെ സത്യവാങ്മൂലത്തില്‍ പറയുന്ന കാര്യങ്ങള്‍ ലഘുലേഖയാക്കി വിതരണം ചെയ്യുന്നതിന് പിന്നില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം തന്നെയായിരിക്കാമെന്നും ജോയി ആരോപിച്ചു. ഷെഫീറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ സ്വന്തം പാര്‍ട്ടിക്കാര്‍ ഇറക്കിയ പോസ്റ്ററും അതിന് തെളിവായി ജോയി ചൂണ്ടിക്കാട്ടി. പി.ആര്‍.ഏജന്‍സികളുടെ തന്ത്രങ്ങള്‍ മനസിലാക്കാനുള്ള കഴിവ് വര്‍ക്കലയിലെ ജനങ്ങള്‍ക്ക് ഉണ്ടെന്നും തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അത് മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.