Breaking News

ഇടത് സര്‍ക്കാരിന് വിധേയത്വം കോര്‍പറേറ്റ് മാനിഫെസ്റ്റോയിലെന്ന് പ്രിയങ്ക

പ്രിയങ്ക ഗാന്ധി (ഫയല്‍ ചിത്രം)

കരുനാഗപ്പള്ളി: ഇടത് സര്‍ക്കാരിന് വിധേയത്വം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ അല്ലെന്നും കോര്‍പറേറ്റ് മാനിഫെസ്റ്റോയിലാണെന്നും പ്രിയങ്ക ഗാന്ധി. കരുനാഗപ്പള്ളിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
രാജ്യം കോര്‍പറേറ്റുകള്‍ക്ക് അടിയറ വയ്ക്കുന്ന മോദിയുടെ അതേ നിലപാടാണ് ഇടതുപക്ഷ സര്‍ക്കാരിനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ ആഴക്കടല്‍ വരെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കുന്ന അവസ്ഥയിലേക്ക് പിണറായി സര്‍ക്കാര്‍ എത്തിച്ചേര്‍ന്നതെന്നും അവര്‍ വിമര്‍ശിച്ചു.
കോണ്‍ഗ്രസിന്റെ സ്വര്‍ണ്ണം കേരളത്തിലെ ജനങ്ങളാണ്. എന്നാല്‍ കേരളത്തിലെ മുഖ്യമന്ത്രി വിദേശത്തുള്ള സ്വര്‍ണത്തിലാണ് ശ്രദ്ധ കാണിക്കുന്നത്. മൂന്ന് രാഷ്ട്രീയ ചിന്തകള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ ഉണ്ട്. ഒന്ന് സി.പി.എമ്മിന്റെ അക്രമത്തിന്റെയും അഴിമതിയുടെയും രാഷ്ട്രീയം, രണ്ട് നരേന്ദ്ര മോദിയുടെ വിദ്വേഷ രാഷ്ട്രീയം, മൂന്ന് കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന ജനാധിപത്യപരവും വികസനോന്മുഖവുമായ രാഷ്ട്രീയം. ഇതില്‍ ജനം കോണ്‍ഗ്രസിന്റെ രാഷ്ട്രീയം തെരഞ്ഞെടുക്കുമെന്നും പ്രിയങ്ക പറഞ്ഞു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ 50 ശതമാനത്തിലധികം യുവജനങ്ങളാണ്. വിദ്യാസമ്പന്നരുടെ നാടായ കേരളം വിധിയെഴുതുന്നത് രാജ്യം ഉറ്റുനോക്കുന്നു. കേരളം സാഹോദര്യത്തിന്റേയും സമാധനത്തിന്റേയും നാടാണ്. വിദ്യാസമ്പന്നരുടെ നാടാണ്. ജനങ്ങളുടെ അഭിലാഷങ്ങള്‍ മനസ്സിലാക്കിയുള്ളതാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയെന്നും അവര്‍ വ്യക്തമാക്കി.
വലിയ വാഗ്ദാനങ്ങളും ജനാധിപത്യ ബദലാണെന്നും പറഞ്ഞാണ് എല്‍ഡിഎഫ് അധികാരത്തിലേറിയത്. എന്നിട്ട് എന്തുകൊണ്ട് കേരളത്തിലെ ജനങ്ങളില്‍ നിങ്ങള്‍ ഭയം നിറയ്ക്കുന്നത്. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവിടെ കൊല്ലപ്പെട്ടുവെന്നും പ്രയിങ്ക ഗാന്ധി പറഞ്ഞു. യുഡിഎഫ് പ്രചാരണത്തിന് ഊര്‍ജം പകര്‍ന്ന് കായംകുളത്ത് റോഡ് ഷോ നടത്തിയ പ്രിയങ്ക ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ഥി അരിതാ ബാബുവിന്റെ വീടും സന്ദര്‍ശിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *