Breaking News

ജോയ്സ് ജോര്‍ജ് എം.പിയായിരുന്നില്ലേ; ഒരു മര്യാദയൊക്കെ വേണ്ടേയെന്ന് വിദ്യാര്‍ത്ഥിനികള്‍

ജോയ്സ് ജോര്‍ജ്

കൊച്ചി: രാഹുല്‍ ഗാന്ധിക്കെതിരെ അശ്ലീല പ്രസംഗം നടത്തിയ മുന്‍ എം.പി ജോയ്‌സ് ജോര്‍ജിനെതിരെ സെന്റ് തെരേസാസ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍. ജോയ്സ് ജോര്‍ജ് എംപിയായിരുന്നില്ലേ, ഒരു മര്യാദയൊക്കെ വേണ്ടേയെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതികരണം. എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ സംവദിക്കുന്നതിനിടെ രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികള്‍ക്ക് അക്കിഡൊ പ്രതിരോധമുറ പരിശീലിപ്പിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ജോയ്‌സ് ജോര്‍ജിന്റെ അധിക്ഷേപം.
ഈ പരാമര്‍ശത്തിന്റെ പേരില്‍ വനിതാ കമ്മീഷനെ സമീപിക്കാനൊന്നും പോകുന്നില്ലെന്നും ഈ ചിന്താഗതി മാറ്റിയാല്‍ മതിയെന്നും ഇടുക്കിയില്‍ നിന്ന് തന്നെയുള്ള ഒരു വിദ്യാര്‍ഥി പ്രതികരിച്ചു. വനിതാ കോളേജില്‍ വന്ന് സ്ത്രീ ശാക്തീകരണത്തെ കുറിച്ചാണ് രാഹുല്‍ സംസാരിച്ചത്. വിദ്യാര്‍ത്ഥിനികള്‍ എന്ന രീതിയില്‍ ഞങ്ങളെ കൂടി അധിക്ഷേപിക്കുന്ന പ്രസ്താവനയാണ് ജോയ്‌സ് ജോര്‍ജില്‍നിന്ന് ഉണ്ടായതെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ കോളേജിലെ പരിപാടിയെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും അദ്ദേഹം തങ്ങളോട് രാഷ്ട്രീയമായി ഒന്നും പറഞ്ഞിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രാഹുലിന് മുന്നില്‍ പെണ്‍കുട്ടികള്‍ കുനിഞ്ഞ് നില്‍ക്കരുത്, അയാള്‍ കല്യാണം കഴിച്ചിട്ടില്ല എന്നായിരുന്നു ജോയ്‌സ് ജോര്‍ജ് അധിക്ഷേപിച്ചത്. ഇന്നലെ ഇടുക്കി ഇരട്ടയാറില്‍ ഉടുമ്പന്‍ചോല മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും മന്ത്രിയുമായ എം.എം.മണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു ജോയ്‌സ് ജോര്‍ജിന്റെ വിവാദ പ്രസംഗം. ജോയ്‌സ് ജോര്‍ജിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിലും ഡി.ജി.പിക്കും പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *