Breaking News

കോവിഡ് രണ്ടാം തരംഗത്തിന്റെ സൂചന നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ സൂചന നല്‍കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡിന്റെ രണ്ടാം തരംഗം പിടിച്ചു നിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കി കഴിഞ്ഞു.
മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തിസ്ഗഢ്, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി, ഹിമാചല്‍ പ്രദേശ് ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നരക്ക് വളരെയേറെ വര്‍ധിച്ചുവരികയാണ്. ഇത് ആശങ്കയുളവാക്കുന്നതാണെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചകളിലായി രാജ്യത്തെ 16 സംസ്ഥാനങ്ങളിലെ 70 ജില്ലകളില്‍ കോവിഡ് കേസുകള്‍ 150 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ദേശീയതലത്തിലെ വര്‍ധനവ് 43 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 35,871 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഫെബ്രുവരിയില്‍ പതിനായിരത്തില്‍ താഴെ കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന അവസ്ഥയില്‍നിന്നാണ് ഈ മാറ്റമുണ്ടായിരിക്കുന്നത്.
മഹാരാഷ്ട്രയിലാണ് കോവിഡ് കേസുകള്‍ ഏറ്റവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ദേശീയതലത്തിലുള്ള കോവിഡ് രോഗികളുടെ 60 ശതമാനവും മരണനിരക്കിന്റെ 45 ശതമാനവും മഹാരാഷ്ട്രയിലാണ്. ദേശീയ തലത്തില്‍ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 4.99 % ആയിരിക്കുമ്പോള്‍ മഹാരാഷ്ട്രയില്‍ അത് 16 %, പഞ്ചാബ് 6.8 %, ഛത്തിസ്ഗഢ് 7.4 % എന്നിങ്ങനെയാണ്.
മഹാരാഷ്ട്രയില്‍ കോവിഡ് രണ്ടാം വ്യാപനമാണെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യമൊട്ടാകെ കോവിഡ് രണ്ടാം തരംഗത്തിന്റെ സൂചന നല്‍കിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ പലയിടത്തും കോവിഡ് ബാധിതരെയും സമ്പര്‍ക്ക പട്ടികയിലുള്ളവരെയും കണ്ടെത്തുന്നതിലും പരിശോധിക്കുന്നതിലും അലംഭാവമുണ്ടെന്നു കേന്ദ്ര സംഘം ചൂണ്ടിക്കാട്ടിയിരുന്നു.
വാക്‌സീന്‍ കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. 3,71,43,255 ആളുകളാണ് രാജ്യത്ത് ഇതുവരെ കോവിഡ് വാക്‌സീന്‍ സ്വീകരിച്ചത്. ആന്ധ്രയും തെലങ്കാനയും പത്ത് ശതമാനത്തോളം കോവിഡ് വാക്‌സീന്‍ പാഴാക്കിയെന്നും ചില സംസ്ഥാനങ്ങള്‍ കോവിഡ് വാക്‌സീനേഷന്‍ വിതരണത്തെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ സമീപിക്കുന്നില്ലെന്നും കേന്ദ്രം കുറ്റപ്പെടുത്തിയിരുന്നു.
കോവിഡ് രണ്ടാം തരംഗം ഉണ്ടാകാതെ തടയേണ്ടത് നിര്‍ണായകമാണെന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുക, പരിശോധന വര്‍ധിപ്പിക്കുക, മാസ്‌ക് ഉള്‍പ്പെടെയുള്ള നിയന്ത്രണ നിര്‍ദേശങ്ങള്‍ നടപ്പാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ടുവച്ചത്.
പരിശോധനകളില്‍ 70 ശതമാനവും ആര്‍ടി-പിസിആര്‍ ആയിരിക്കണം. കേരളം, ഒഡീഷ, ഛത്തിസ്ഗഢ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ മാത്രമാക്കി ഒതുക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ രോഗവ്യാപനത്തില്‍നിന്നു രക്ഷപ്പെട്ട ടൗണുകളിലാണ് ഇപ്പോള്‍ രോഗം പടരുന്നത്. ഇവിടെനിന്ന് ഗ്രാമങ്ങളിലേക്കു പടരാന്‍ അധികം സമയം വേണ്ടിവരില്ല.
അങ്ങനെ സംഭവിച്ചാല്‍ രാജ്യത്തെ ആരോഗ്യമേഖലയ്ക്ക് അത് താങ്ങാനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ചില സംസ്ഥാനങ്ങള്‍ വാക്സീന്‍ പാഴാക്കുന്നത് ശ്രദ്ധയില്‍പെട്ടുവെന്നും അതൊരിക്കലും സംഭവിക്കാന്‍ പാടില്ലെന്നും അദ്ദേഹം അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *