Breaking News

ഏറ്റുമാനൂര്‍: പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടുമെന്ന് പ്രിന്‍സ് ലൂക്കോസ്

അഡ്വ.പ്രിന്‍സ് ലൂക്കോസ്

ഏറ്റുമാനൂര്‍: ഏറ്റുമാനൂരിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.പ്രിന്‍സ് ലൂക്കോസ്. പ്രിന്‍സ് ലൂക്കോസാണ് സ്ഥാനാര്‍ത്ഥിയെന്ന പ്രഖ്യാപനം വന്നതോടെ യു.ഡി.എഫും കോണ്‍ഗ്രസും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് കടന്നു. ഇതിനിടെയാണ് സീറ്റ് നിഷേധത്തിന്റെ പേരില്‍ ലതികാ സുഭാഷിന്റെ ഭാഗത്ത് നിന്നും പ്രശ്നങ്ങള്‍ ഉന്നയിക്കപ്പെട്ടത്.
പ്രചാരണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയ പ്രതീക്ഷയില്‍ തന്നെയാണ് യു.ഡി.എഫ്. ആദ്യഘട്ടത്തില്‍ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കുന്നതിനെതിരെ കോണ്‍ഗ്രസിലെ ഒരു ന്യൂനപക്ഷം പ്രതിഷേധവുമായി എത്തിയിരുന്നുവെങ്കിലും അതൊക്കെ പരിഹരിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ പ്രചാരണത്തില്‍ ഒരിഞ്ച് പോലും വിട്ടുവീഴ്ച്ച വേണ്ടെന്ന നിലപാടിലാണ് യു.ഡി.എഫും കോണ്‍ഗ്രസും.
നിലവിലുള്ള പ്രശ്‌നങ്ങള്‍ യുക്തിപൂര്‍വ്വം പരിഹരിക്കപ്പെടുമെന്ന് അഡ്വ.പ്രിന്‍സ് ലൂക്കോസ് പറഞ്ഞു. ഏത് പ്രശ്നവും സസൂഷ്മം നിരീക്ഷിച്ച് പരിഹരിക്കാന്‍ ശേഷിയുള്ളതാണ് യു.ഡി.എഫിന്റെ നേതൃത്വമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലതികാ സുഭാഷിന് സീറ്റ് നിഷേധിക്കപ്പെട്ടത് ഖേദകരമാണ്. മുടി മുറിച്ചുള്ള പ്രതിഷേധത്തിലേക്ക് ലതിക എത്തിയത് ദുഃഖകരമാണ്.
എന്നാല്‍ നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ യു.ഡി.എഫിനെയും കോണ്‍ഗ്രസിനെയും ദുര്‍ബലപ്പെടുത്തുന്ന നിലപാട് ലതികാ സുഭാഷിനെ പോലെ മുതിര്‍ന്നൊരു നേതാവ് സ്വീകരിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും പ്രിന്‍സ് ലൂക്കോസ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ലതികാ സുഭാഷ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഏറ്റുമാനൂരില്‍ മത്സരിക്കുമെന്നും വാര്‍ത്തകളുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *