Breaking News

പ്രസവിച്ച ഉടന്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു; യുവതിയെ പോലീസ് പിടികൂടി

പ്രതീകാത്മക ചിത്രം

കൊച്ചി: പ്രസവിച്ച ഉടന്‍ കുഞ്ഞിനെ ഉപേക്ഷിച്ചു കടന്ന യുവതിയെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. അങ്കമാലിയില്‍ വച്ചാണ് യുവതിയെ പിടികൂടിയത്. പ്രസവിച്ച ഉടന്‍തന്നെ യുവതി കുഞ്ഞിനെ പാലക്കാട് ചുള്ളിമട പേട്ടക്കാട് വെള്ളമില്ലാത്ത തോടിനടുത്ത് ഉപേക്ഷിക്കുകയായിരുന്നു.
തോടിനടുത്ത് എത്തിയ ഒരു പഴക്കച്ചവടക്കാരന്‍ കുഞ്ഞിന്റെ കരച്ചില്‍കേട്ട് നടത്തിയ പരിശോധനയിലാണ് നവജാത ശിശുവിനെ കണ്ടെത്തിയത്. ഉടന്‍തന്നെ അയാള്‍ ആളുകളെ വിളിച്ചുകൂട്ടി പോലീസില്‍ വിവരം അറിയിച്ചു. വാളയാര്‍ പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ കുഞ്ഞുണ്ടായിട്ട് മണിക്കൂറുകള്‍ മാത്രമേ ആയുള്ളൂ എന്നു വ്യക്തമായി.
തുടര്‍ന്ന്, കുഞ്ഞിനെ പ്രസവിച്ചയാളിനുവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. അങ്ങനെയാണ് അന്യ സംസ്ഥാനത്തു നിന്നു വരികയായിരുന്ന വാഹനത്തിലെ യാത്രക്കാരിയാണ് കുഞ്ഞിന്റെ അമ്മയെന്നു തിരിച്ചറിഞ്ഞത്. ഈ വാഹനം പേട്ടക്കാട് എത്തിയപ്പോള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധന നടത്തിയിരുന്നു.
ഇതിനിടെ ഒരു സ്ത്രീ പുറത്തേയ്ക്ക് ഇറങ്ങിപ്പോയത് പരിസര വാസികള്‍ ശ്രദ്ധിച്ചിരുന്നു. ഇവര്‍ ഛര്‍ദിക്കാന്‍ ഇറങ്ങിപ്പാകുകയാണ് എന്നാണ് ഒപ്പമുണ്ടായിരുന്നവരോടു പറഞ്ഞത്. ഈ സമയം പ്രസവിച്ച ശേഷം കുഞ്ഞിനെ സ്ഥലത്ത് ഉപേക്ഷിച്ച് തിരികെ വന്നു ബസില്‍ കയറി ഇരിക്കുകയായിരുന്നു.
ബസ് അങ്കമാലിയിലെത്തിയപ്പോള്‍ പൊലീസ് തടഞ്ഞ് ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ ഗര്‍ഭിണിയായിരുന്നു എന്നത് ഉള്‍പ്പടെയുള്ള വിവരം സഹയാത്രക്കാര്‍ അറിയിക്കുന്നത്. കോതമംഗലത്തേയ്ക്കു പോകുകയായിരുന്ന ബസിലായിരുന്നു ഇവരുണ്ടായിരുന്നത്.
നേരത്തെ ആലുവയില്‍ ജോലി ചെയ്തിരുന്ന ഇവരുടെ കൂടെ പ്രായം കുറഞ്ഞ ബന്ധു യുവാവുണ്ടായിരുന്നു. മറ്റൊരു ബന്ധു ആലുവയിലും ഉണ്ടെന്നു പറഞ്ഞതിനെ തുടര്‍ന്ന് അയാളോട് സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞിനെ കഞ്ചിക്കോട് പിഎച്ച്‌സിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. യുവതിയെയും കുഞ്ഞിനടുത്തേക്ക് എത്തിക്കുന്നതിനായി പാലക്കാട്ടേയ്ക്ക് കൊണ്ടുപോയിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *