
ന്യൂഡല്‍ഹി: വാക്‌സിന്‍ നിര്‍മ്മാണ മേഖലയില്‍ ചൈനയെ തറപറ്റിച്ച് ലോകത്തിന്റെ വാക്‌സിന്‍ ഹബ്ബ് ആകാന്‍ ഇന്ത്യ. ഇന്ന് നടക്കുന്ന ക്വാഡ് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ഇതുസംബന്ധിച്ച് നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയില്‍ വികസിപ്പിക്കുന്ന വാക്‌സിനുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള ധാരണയാണ് ഇതില്‍ പ്രധാനം.
ഇന്ത്യ, യു.എസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ്. പ്രധാനമന്ത്രി നരേന്ദ്രമോദി, യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിതെ സുഗ, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ എന്നിവര്‍ ഓണ്‍ലൈനായി നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കും. ചൈനയുടെ വാക്‌സിന്‍ മേഖലയിലെ മേധാവിത്വം ചെറുക്കാന്‍ ഈ രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്താന്‍ ഇന്ത്യ മൂന്നു രാജ്യങ്ങളോടും ആവശ്യപ്പെട്ടിരുന്നു.
യു.എസ് വാക്‌സിനുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനുള്ള സാമ്പത്തിക സഹായം അമേരിക്കയും ജപ്പാനും നല്‍കും. ഓസ്‌ട്രേലിയയും ഇതിന് വേണ്ടി ശക്തമായ പിന്തുണ ഇന്ത്യയ്ക്ക് നല്‍കും. വാക്‌സിന്‍ നിര്‍മ്മാണ മേഖലയില്‍ ചൈനയുടെ ആധിപത്യം തകരുകയും ഇന്തോ-പസിഫിക് മേഖലയില്‍ ഇന്ത്യ നിര്‍ണായക വാക്‌സിന്‍ കയറ്റുമതി സാന്നിധ്യമാകുകയും ചെയ്യും.
യു.എസ് ഫാര്‍മസി രംഗത്തെ ഭീമന്മാരായ നോവവാക്സ്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ കമ്പനികള്‍ വികസിപ്പിക്കുന്ന വാക്സീനുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള ധാരണകളാവും ഉച്ചകോടിയില്‍ ഉണ്ടാവുക. ഇന്തോ-പസിഫിക് മേഖലയില്‍ ചൈനയുടെ വര്‍ധിച്ചുവരുന്ന സൈനിക, സാമ്പത്തിക സ്വാധീനം സംബന്ധിച്ച ആശങ്കകള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയാകും.