
ന്യൂഡല്‍ഹി: കര്‍ഷക സമരം 100 ദിവസം പിന്നിടവേ സമരം നടക്കുന്ന സിംഘു അതിര്‍ത്തിയില്‍ വെടിവയ്പ്. ഇന്നലെ രാത്രി കാറിലെത്തിയ നാലംഗ സംഘമാണ് അന്തരീക്ഷത്തിലേക്ക് വെടിയുതിര്‍ത്തത്. വനിതാദിനത്തിന്റെ ഭാഗമായി കര്‍ഷകസമരം ഇന്ന് സ്ത്രീകളുടെ നേതൃത്വത്തില്‍ നടത്താനിരിക്കെയാണ് സംഭവം. സിംഘു, തിക്രി, ഗാസിപൂര്‍ സമരവേദികളില്‍ ഇന്ന് സ്ത്രീകള്‍ മാത്രമാണ് ഉണ്ടാവുക.
സ്ത്രീ കര്‍ഷകര്‍ ട്രാക്ടര്‍ റാലി ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ നടത്തും. സമരക്കാര്‍ക്കൊപ്പം നൂറുകണക്കിന് വനിതാ ആക്ടിവിസ്റ്റുകളും വിദ്യാര്‍ത്ഥിനികളും സമരപരിപാടികളില്‍ പങ്കെടുക്കും. കര്‍ഷക സമരത്തില്‍ പങ്കെടുത്തതിന്റെ അനുഭവങ്ങള്‍ സ്ത്രീകള്‍ പങ്കുവയ്ക്കും. സമരഭൂമികളിലെ ഭക്ഷണ വിതരണം, സുരക്ഷ ചുമതലകളും ഇന്ന് സ്ത്രീകള്‍ക്കായിരിക്കും.
വെടിവയ്പ് നടന്ന സ്ഥലത്തെത്തി പോലീസ് പരിശോധന നടത്തി. പഞ്ചാബ് റജിസ്‌ട്രേഷനില്‍ ഉള്ള കാറില്‍ വന്നവരാണ് വെടിയുതിര്‍ത്തതെന്നും പഞ്ചാബില്‍നിന്നുള്ളവരാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. ഇതിനിടെ ഒരു കര്‍ഷകന്‍ കൂടി ഞായറാഴ്ച ആത്മഹത്യ ചെയ്തു. രാജ്ബിര്‍ (49) എന്നയാളെയാണ് മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ കണക്ക് പ്രകാരം ഇതുവരെ 249 പേര്‍ മരിച്ചിട്ടുണ്ട്.