Breaking News

കിഫ്ബി വിഷയത്തില്‍ കേന്ദ്രമന്ത്രിക്കും ഇ.ഡിക്കുമെതിരെ തോമസ് ഐസക്

തിരുവനന്തപുരം: കിഫ്ബി വിഷയത്തില്‍ കേന്ദ്രമന്ത്രിക്കും ഇ.ഡിക്കുമെതിരെ തോമസ് ഐസക്. കിഫ്ബിയെ തകര്‍ത്ത് കേരളത്തിലെ വികസനം സ്തംഭിപ്പിക്കാനുള്ള ബി.ജെ.പി ശ്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി ലഭിക്കുമെന്നും അക്കാര്യത്തില്‍ മുരളീധരന് യാതൊരു സംശയവും വേണ്ടെന്നും പറഞ്ഞ തോമസ് ഐസക് ഇ.ഡി കേരളത്തില്‍ കറങ്ങി നടക്കേണ്ടതില്ലെന്നും പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ശരിയായ രീതിയിലാണ് ഏന്വേഷണമെങ്കില്‍ അവരോട് പൂര്‍ണമായും സഹകരിക്കും. ബി.ജെ.പിക്കാര്‍ പിന്നിലുണ്ട് എന്ന ഹുങ്കുമായി എന്തും ചെയ്തുകളയാമെന്ന് ഇ.ഡിയുടെ കൊച്ചി യൂണിറ്റ് അധികാരികള്‍ കരുതുന്നുവെങ്കില്‍, അതിനൊത്ത രീതിയിലുള്ള പ്രതികരണവും ഉണ്ടാവും. മറ്റു സംസ്ഥാനങ്ങളില്‍ പയറ്റിത്തെളിഞ്ഞ ചട്ടമ്പിത്തരം ഇവിടെ കാണിക്കാനാണ് ഭാവമെങ്കില്‍ ചുട്ട മറുപടി തന്നെ ഇ.ഡിക്ക് കിട്ടുമെന്നും ഐസക് വ്യക്തമാക്കി.
വിദേശത്തു നിന്നും മസാലബോണ്ടുവഴി പണം സമാഹരിച്ചതിനെ മുരളീധരന്‍ വിശേഷിപ്പിച്ചത് ‘വിദേശത്തു നിന്നും പണം കൈപ്പറ്റി’ എന്നാണ്. ഇന്ത്യാ ചരിത്രത്തില്‍ സമാനതകളില്ലാത്ത രീതിയില്‍ കമ്മീഷനും അഴിമതിയുമായി പാര്‍ട്ടി ഫണ്ട് സമാഹരിച്ചിട്ടുള്ള ബി.ജെ.പിയുടെ മന്ത്രിക്ക് അങ്ങനെ തോന്നിയതില്‍ എനിക്ക് അത്ഭുതമില്ല. തങ്ങളെപ്പോലെയാണ് ബാക്കിയുള്ളവരെല്ലാം എന്നു ധരിക്കരുതെന്നും ഐസക് വിമര്‍ശിച്ചു.
എന്‍.ടി.പി.സി മസാല ബോണ്ടു വഴി 2000 കോടി സമാഹരിച്ചത് എങ്ങനെയാണ്? മസാല ബോണ്ടു വഴി 5000 കോടി സമാഹരിക്കാന്‍ നാഷണല്‍ ഹൈവേ ഓഫ് ഇന്ത്യ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ പോയ വിവരവും അദ്ദേഹം അറിഞ്ഞിട്ടുണ്ടാവാന്‍ വഴിയില്ല. ഉണ്ടെങ്കില്‍ ഇത്തരം മണ്ടത്തരങ്ങള്‍ പൊതുജനമധ്യത്തില്‍ വിളിച്ചു പറയുമായിരുന്നില്ല. മസാല ബോണ്ടു വഴി പണം സമാഹരിക്കാന്‍ എന്‍.ടി.പി.സിയും എന്‍എച്ച്എഐയും പാലിച്ച ചട്ടങ്ങളെല്ലാം കിഫ്ബിയും പാലിച്ചിട്ടുണ്ട്. ഇവയൊക്കെപ്പോലെ നിയമപരമായി രൂപീകരിച്ച ബോഡി കോര്‍പ്പറേറ്റാണ് കിഫ്ബിയും. ഇപ്പറഞ്ഞവര്‍ക്ക് വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മസാല ബോണ്ടിനെ ഉപയോഗപ്പെടുത്താമെങ്കില്‍ കിഫ്ബിയ്ക്കും ഉപയോഗപ്പെടുത്താം.
ഫെമ അനുസരിച്ചും റിസര്‍വ് ബാങ്ക് വഴിയുമാണ് കിഫ്ബി മസാല ബോണ്ടു വഴി പണം കണ്ടെത്തിയത്. ഒരു ബോഡി കോര്‍പ്പറേറ്റിന് മാസാല ബോണ്ടുവഴി പണം സമാഹരിക്കാന്‍ റിസര്‍വ്വ് ബാങ്കിന്റെ എന്‍ഒസി മതി. സംസ്ഥാന സര്‍ക്കാര്‍ വായ്പയെടുക്കുമ്പോള്‍ ചെയ്യുന്നതുപോലെ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുവാദം വേണ്ട. ഫെമ നിയമം നടപ്പാക്കുന്ന റിസര്‍വ്വ് ബാങ്കിന് കിഫ്ബി ചട്ടം ലംഘിച്ചുവെന്ന് ആക്ഷേപം ഇല്ല. അതു സംബന്ധിച്ച് ഒരു ചോദ്യംപോലും അവര്‍ ഇതുവരെ ഉന്നയിച്ചിട്ടില്ല. കേന്ദ്രധനകാര്യ വകുപ്പുപോലും ഇന്നേവരെ ഇതുസംബന്ധിച്ച് ഒരു വിശദീകരണവും ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ തങ്ങള്‍ നേരിട്ട് ഇതുവരെ ആക്ഷേപിക്കാത്ത കാര്യത്തെക്കുറിച്ച് ഇഡിയെക്കൊണ്ട് തിരഞ്ഞെടുപ്പു കാലത്ത് നടപടിയെടുപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇത് തിരഞ്ഞടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *