
ന്യൂഡല്‍ഹി: കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ 6ന്. ഒറ്റ ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. വോട്ടെണ്ണല്‍ മേയ് 2നും നടത്തും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനത്തിലാണ് തീയതി പ്രഖ്യാപിച്ചത്. കേരളത്തില്‍ 40,771 പോളിങ് സ്റ്റേഷനുകള്‍ ഉണ്ടാകും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 21,498 പോളിങ് സ്റ്റേഷനുകളായിരുന്നു ഉണ്ടായിരുന്നത്. പോളിംഗ് സമയം ഒരു മണിക്കൂര്‍ നീട്ടിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്ക്കും അംഗപരിമിതര്‍ക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യം തുടരും.
കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ മാനദണ്ഡങ്ങളോടെയാകും തെരഞ്ഞെടുപ്പ് നടത്തുക. വീടുകയറിയുള്ള പ്രചാരണത്തിന് അഞ്ചുപേര്‍ മാത്രം. വാഹന റാലിക്ക് അഞ്ചു വാഹനങ്ങള്‍ മാത്രം. പത്രിക സമര്‍പ്പണത്തിന് രണ്ടുപേര്‍. ഓണ്‍ലൈനായും പത്രിക നല്‍കാം. എല്ലാ ബൂത്തുകളും കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരിക്കും.