Breaking News

ഇടതുസര്‍ക്കാര്‍ കേരളത്തെ തകര്‍ച്ചയിലേക്ക് നയിക്കുന്നു: ചെന്നിത്തല

കേരള യാത്രയ്ക്ക് വര്‍ക്കലയില്‍ നല്‍കിയ സ്വീകരണത്തില്‍നിന്ന്‌

വര്‍ക്കല: ഇടതുസര്‍ക്കാര്‍ കേരളത്തെ സമ്പൂര്‍ണ്ണ തകര്‍ച്ചയിലേക്ക് നയിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മത്സ്യത്തൊഴിലാളികളെ പട്ടിണിക്കിടാനാണ് പിണറായി സര്‍ക്കാരിന്റെ പുതിയ തീരുമാനമെന്നും ചെന്നിത്തല പറഞ്ഞു. കേരള യാത്രയ്ക്ക് വര്‍ക്കലയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഇടത് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്.
ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് കേരള യാത്ര വര്‍ക്കലയില്‍ എത്തിയത്. കേരള യാത്രയ്ക്ക് വര്‍ക്കലയില്‍ മികച്ച സ്വീകരണമാണ് നല്‍കിയത്. മുനിസിപ്പല്‍ പാര്‍ക്കിലായിരുന്നു സമ്മേളന വേദി. സി.പി.എം വര്‍ഗ്ഗീയതയിലൂടെ തുടര്‍ ഭരണം നേടാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സി.പി.എം വളരെ ബോധപൂര്‍വ്വം വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. മതവിഭാഗങ്ങളെ തമ്മിലടിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ന്യൂനപക്ഷ വര്‍ഗ്ഗീയതയാണ് ഏറ്റവും ഭീകരമെന്നാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞത്. ഇതാണോ ഇടതുപക്ഷ നിലപാടെന്നും അദ്ദേഹം ചോദിച്ചു.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്ക് അനുകൂലമായി നിയമ നിര്‍മ്മാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ക്കല മണ്ഡലത്തില്‍ കഹാര്‍ എം.എല്‍.എ ആയതിന് ശേഷമാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇടതുപക്ഷ സര്‍ക്കാര്‍ ശിവഗിരിയില്‍ ഉള്‍പ്പെടെയുള്ള വര്‍ക്കലയുടെ വികസന സാധ്യതകള്‍ക്കുനേരെ മുഖംതിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സമ്മേളനം കെ.മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ആരോഗ്യരംഗം വന്‍ പരാജയമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ആരോപിച്ചു. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള സംസ്ഥാനം കേരളമാണ്. കോവിഡ് ടെസ്റ്റിന്റെ എണ്ണം കൂട്ടാന്‍ സര്‍ക്കാര്‍ തയാറാവുന്നില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. ആരോഗ്യരംഗം ഉള്‍പ്പെടെ എല്ലാ മേഖലയിലും സര്‍ക്കാര്‍ പരാജയമാണെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ഭക്ഷ്യ കിറ്റും ക്ഷേമപെന്‍ഷനും നല്‍കിയെന്ന എല്‍.ഡി.എഫ് പ്രചരണങ്ങളെ പരിഹസിച്ച അദ്ദേഹം കിറ്റെന്താ, പിണറായിയുടെ വീട്ടില്‍ നിന്ന് കൊണ്ടുവന്നതാണോയെന്നും ചോദിച്ചു. അങ്ങനെ കിറ്റ് വാങ്ങി വോട്ടുചെയ്യുന്നവരല്ല കേരള ജനതയെന്നും മുരളീധരന്‍ പറഞ്ഞു.
കേരള യാത്ര എത്തുന്നതിന് മുന്നോടിയായി നടന്ന സമ്മേളനം യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍ നിര്‍വഹിച്ചു. എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും എന്ന് പറഞ്ഞിട്ട് ഒന്നും ശരിയായി കണ്ടില്ലെന്നും വന്നതുപോലെതന്നെ തിരിച്ചുപോകുമെന്നും ഹസന്‍ പറഞ്ഞു. ജനങ്ങള്‍ ഭരണ മാറ്റം ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല വിഷയത്തില്‍ വിശ്വാസ സമൂഹത്തിന് അനുകൂലമായ നിയമ നിര്‍മ്മാണം നടത്തുമെന്നും പറഞ്ഞു. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ തൊഴിലില്ലായ്മ, കര്‍ഷക പ്രശ്‌നങ്ങള്‍, യുവജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, വിലക്കയറ്റം തുടങ്ങിയവയ്‌ക്കെല്ലാം പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനകീയ മാനിഫെസ്റ്റോ തയാറാക്കി അതിനനുസരിച്ചായിരിക്കും യു.ഡി.എഫ് ഭരണം നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് പ്രേമചന്ദ്രന്‍ എം.പി നടത്തിയത്. ഭീമന്‍ ട്രോളറുകള്‍ ഉപയോഗിച്ചു നടത്തുന്ന ആഴക്കടല്‍ മത്സ്യബന്ധനത്തിനെതിരെ രാജ്യത്തൊട്ടാകെ സമരം നടത്തുന്ന സി.പി.എം നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തിന്റെ സമുദ്രമേഖല ബഹുരാഷ്ട്ര കുത്തകകള്‍ക്ക് തീറെഴുതിക്കൊടുത്തുവെന്ന് അദ്ദേഹം ആരോപിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മ അമേരിക്കയില്‍ പോയി ചര്‍ച്ച നടത്തിയതിന് പിന്നാലെ കേരളത്തിന്റെ മത്സ്യബന്ധന നയം മാറ്റിയെഴുതിയാണ് ഇ.എം.സി.സിയെന്ന അമേരിക്കന്‍ കുത്തക കമ്പനിയുമായി ധാരണാപത്രം ഒപ്പുവച്ചത്. മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കുന്ന കരാറാണ് ഇ.എം.സി.സിയുമായി ഉണ്ടാക്കിയ 5000 കോടിയുടെ കരാറെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്‍ പറയുന്നത് പ്രാവര്‍ത്തികമാക്കുന്ന ഫാസിസ്റ്റ് പാര്‍ട്ടിയായി സി.പി.എം മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇങ്ങനെയൊരു ഭരണം കേരളത്തില്‍ തുടരേണ്ട ആവശ്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ രാഷ്ട്രീയ കൂട്ടുകെട്ട് പരസ്യമായ രഹസ്യമാണെന്നും അദ്ദേഹം ആരോപിച്ചു.
പിണറായി ഭരണത്തില്‍ ജനാധിപത്യ ധ്വംസനമാണ് കേരളത്തില്‍ നടക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്താന്‍ പോലും സി.പി.എം അനുവദിക്കുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലെ പിണറായിയുടെ മണ്ഡലം ഉള്‍പ്പെടെ ഭീഷണിയുടെയും അക്രമത്തിന്റെയും പാതയിലാണ് സി.പി.എം തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. അതിനുവേണ്ടി അധികാരമുപയോഗിച്ച് പോലീസ് സംവിധാനത്തെപ്പോലും നോക്കുകുത്തിയാക്കാന്‍ സി.പി.എം ശ്രമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പരാജയപ്പെടുത്താന്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ധാരണയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കടല വിറ്റ് ജീവിക്കുന്നവരെ പറ്റി കേട്ടിട്ടുണ്ട്, പക്ഷേ, കടല്‍ വിറ്റ് ജീവിക്കുന്നവരെ പറ്റി ആദ്യമായിട്ടാണ് കേള്‍ക്കുന്നതെന്ന് മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍ പരിഹസിച്ചു. ആഴക്കടല്‍ മത്സ്യബന്ധനത്തിനായി ഇ.എം.സി.സി കമ്പനിയുമായി ഉണ്ടാക്കിയ കരാറിനെ പരാമര്‍ശിക്കുകയായിരുന്നു വര്‍ക്കല കഹാര്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശമാണ് അദ്ദേഹം നടത്തിയത്. എല്ലാ തിന്മകളുടെയും ഒരേയൊരു ബിംബമാണ് പിണറായെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
ഇടതുഭരണത്തില്‍ കേരളം അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന് അടൂര്‍ പ്രകാശ് എം.പി ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അത്ഭുതകരമായ മുന്നേറ്റം നടത്തുമെന്ന് വി.എസ്.ശിവകുമാര്‍ എം.എല്‍.എ പറഞ്ഞു. യു.ഡി.എഫ് ഭരണകാലത്താണ് വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *