
ആലപ്പുഴ: സര്‍ക്കാരിനെതിരെ പുതിയ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മക്കെതിരെയാണ് ചെന്നിത്തല അഴിമതി ആരോപണവുമായി രംഗത്തുവന്നത്. അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സിക്ക് കേരള തീരത്ത് മത്സ്യബന്ധനത്തിന് അനുമതി നല്‍കിയതിന് പിന്നില്‍ വന്‍ അഴിമതിയെന്നാണ് ചെന്നിത്തലയുടെ ആരോപണം.
5,000 കോടിയുടെ കരാര്‍ ഉണ്ടാക്കി. എന്നാല്‍, ഇടതുമുന്നണിയിലോ മന്ത്രിസഭയിലോ മത്സ്യത്തൊഴിലാളി സംഘടനകളുമായോ ഈ കരാറിനെകുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. കേരളത്തിന്റെ സമുദ്ര മേഖല വന്‍കിട കോര്‍പറേറ്റുകള്‍ക്ക് മത്സ്യബന്ധനത്തിനായി തുറന്നുകൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. വന്‍കിട കുത്തകകളുമായി മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ഗൂഢാലോചന നടത്തിയിരിക്കുകയാണ്-അദ്ദേഹം ആരോപിച്ചു.
ഇ- മൊബിലിറ്റി, സ്പ്രിംഗ്ളര്‍ അഴിമതികളെ മറികടക്കുന്ന അഴിമതിയാണ് ഇ.എം.സി.സിയുമായി ഉണ്ടാക്കിയ കരാറിലൂടെ നടന്നിരിക്കുന്നതെന്നും 2018ല്‍ മന്ത്രി ന്യൂയോര്‍ക്കില്‍ ഇ.എം.സി.സി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ തുടര്‍ നടപടിയാണ് കഴിഞ്ഞയാഴ്ച ഒപ്പിട്ട കരാറെന്നും ചെന്നിത്തല പറഞ്ഞു. കരാര്‍ അനുസരിച്ച് 400 ട്രോളറുകളും രണ്ട് മദര്‍ഷിപ്പുകളും കേരളത്തിന്റെ സുമുദ്ര മേഖലയില്‍ മത്സ്യബന്ധനം നടത്തും-ചെന്നിത്തല വ്യക്തമാക്കി.
ഈ കരാര്‍ സാധ്യമാക്കുന്നതിനായി മത്സ്യബന്ധനവുമായി ബന്ധപ്പെട്ട നയങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി. ആരുമായും കൂടിയാലോചിക്കാതെയാണ് ഇതും ചെയ്തത്. ഇത്രയും വലിയൊരു കരാര്‍ വിദേശ കമ്പനിയുമായി ഉണ്ടാക്കുന്നതിന് മുമ്പ് ആഗോള ടെണ്ടര്‍ വിളിക്കാനും സര്‍ക്കാര്‍ തയാറായില്ല. പുതിയ മത്സ്യനയം പ്രകാരമാണ് ഇത്തരം ഒരു ധാരണാപത്രം ഒപ്പിട്ടതെന്നാണ് ഇ.എം.സി.സി. വ്യവസായ മന്ത്രി ഇ.പി.ജയരാജന് അയച്ച കത്തില്‍ വ്യക്തമാക്കുന്നത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.