Breaking News

എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും: മുഖ്യമന്ത്രി

കാട്ടാക്കട: സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാട്ടാക്കട മണ്ഡലത്തിലെ മാറനല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം വിഡിയോ കോൺഫറൻസിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഈ സർക്കാരിൻ്റ കാലയളവിൽ ആരോഗ്യ മേഖലയിൽ സമാനതകളില്ലാത്ത നേട്ടമാണ് കൈവരിച്ചത്. ആർദ്രം പദ്ധതിയിലൂടെ സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ സമഗ്ര മുന്നേറ്റം നടത്താനായി. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ശ്വാസ് ക്ലിനിക് , ആശ്വാസ് ക്ലിനിക് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കാനും ആരോഗ്യമേഖലയിൽ അവശ്യമായ ആധുനിക കെട്ടിട സൗകര്യങ്ങളും, പുതിയ തസ്തികകളും സൃഷ്ടിക്കാനും സർക്കാരിന് സാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു.
മാറനല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഐ.ബി.സതീഷ് എം.എൽ.എ യുടെ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം മുഖ്യമന്ത്രി നിർവ്വഹിച്ചു. 2,000 ചതുരശ്ര അടിയിൽ ഇരു നിലകളായി നിർമിച്ച കെട്ടിടത്തിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലാബ്, വിശ്രമകേന്ദ്രം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. നാലു ഡോക്ടർമാരുടെ സേവനം കുടുംബാരോഗ്യ കേന്ദ്രത്തിൽ ലഭ്യമാകും. നിലവിലുള്ള ജീവനക്കാർക്ക് പുറമേ ഏഴു ജീവനക്കാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
മാറനല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തായി നടന്ന ഉദ്ഘാടന പരിപാടിയിൽ കാട്ടാക്കട എംഎൽഎ ഐ.ബി സതീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവരും പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *