
ചണ്ഡിഗഡ്: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം തുടരുന്നതിനിടെ പഞ്ചാബ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറുന്നു. അതേസമയം, ബി.ജെ.പി കനത്ത തിരിച്ചടിയാണ് നേരിടുന്നത്. കര്‍ഷക ബില്ലിനെ തുടര്‍ന്ന് ബി.ജെ.പി സഖ്യം വിട്ട അകാലിദളിനും തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. ഏഴ് കോര്‍പറേഷനുകളിലേക്കും 190 മുനിസിപ്പല്‍ കൗണ്‍സിലിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഏഴ് കോര്‍പറേഷനുകളില്‍ മോഗ, ഹോഷിയാര്‍പുര്‍, കപൂര്‍തല, അബോഹര്‍, ഭത്തിന്ധ എന്നീ അഞ്ചെണ്ണവും കോണ്‍ഗ്രസ് നേടി. പഠാന്‍കോട്ടും ബതാലയിലും കോണ്‍ഗ്രസിന് തന്നെയാണ് മുന്നേറ്റം. മജീതിയ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 13 സീറ്റില്‍ പത്തെണ്ണം ശിരോമണി അകാലിദള്‍ നേടി.
രാജ്പുര മുനിസിപ്പല്‍ കൗണ്‍സിലിലെ 31 സീറ്റുകളില്‍ 27 എണ്ണം കോണ്‍ഗ്രസ് നേടി. ബിജെപി രണ്ട് സീറ്റും അകാലിദളും എഎപിയും ഓരോ സീറ്റിലും വിജയിച്ചു. ദേരാബസി മുനിസിപ്പല്‍ കൗണ്‍സിലില്‍ കോണ്‍ഗ്രസ് എട്ടിടത്തു ജയിച്ചു. ദൊരാഹയില്‍ ആകെയുള്ള 15 സീറ്റില്‍ ഒമ്പതിടത്തും കോണ്‍ഗ്രസാണു മുന്നില്‍. സമ്രാലയില്‍ 15 വാര്‍ഡില്‍ പത്തിടത്തും കോണ്‍ഗ്രസ് മുന്നേറ്റമാണ്. സിരാക്പുര്‍ മുനിസിപ്പല്‍ കൗണ്‍സിലില്‍ അഞ്ചിടത്ത് കോണ്‍ഗ്രസ് ജയിച്ചു. ഫിറോസ്പുരില്‍ 12 വാര്‍ഡുകള്‍ കോണ്‍ഗ്രസ് സ്വന്തമാക്കി. ജണ്ഡ്യാലയില്‍ 10 സീറ്റില്‍ കോണ്‍ഗ്രസും മുന്നിടത്ത് അകാലിദളും ജയിച്ചു. ലല്‍റുവില്‍ അഞ്ച് വാര്‍ഡുകള്‍ കോണ്‍ഗ്രസ് സ്വന്തമാക്കി. നംഗലില്‍ 15 വാര്‍ഡുകളില്‍ കോണ്‍ഗ്രസും രണ്ടിടത്തു ബിജെപിയും ജയിച്ചു. ശ്രീ അനന്ത്പുര്‍ സാഹിബില്‍ 13 വാര്‍ഡിലും സ്വതന്ത്രന്മാരാണ് ജയിച്ചത്. എഎപിക്കും അകാലിദളിനും ഒരു സീറ്റ് പോലും നേടാനായില്ല. കിര്‍താര്‍പുര്‍ സാഹിബില്‍ അകാലിദളിന് ഒരു സീറ്റാണ് ലഭിച്ചത്. പത്തിടത്ത് സ്വതന്ത്രന്മാര് ജയിച്ചു.
അമൃത്സര്‍ ജില്ലയില്‍ രയ്യ, ജണ്ഡ്യാല, അജ്നാല, രാംദാസ് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ജയിച്ചു. മജീതിയയില്‍ അകാലിദളിനാണു ജയം. അമൃത്സര്‍ മുന്‍സിപ്പല്‍ കോര്‍പ്പേറഷനിലെ 37ാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചു. ഹൊഷിയാര്‍പുരില്‍ ബിജെപി മുന്‍മന്ത്രി ത്രിക്ഷാന്‍ സൂദിന്റെ ഭാര്യ പരാജയപ്പെട്ടു. ഫസില്‍കയില്‍ കോണ്‍ഗ്രസ് 19 സീറ്റുകളില്‍ ജയിച്ചു. ബിജെപി നാലിടത്തും എഎപി രണ്ടിടത്തുമാണ് ജയിച്ചത്. അബോഹറില്‍ ആകെയുള്ള 50 വാര്‍ഡുകളില്‍ 49 ഇടത്തും കോണ്‍ഗ്രസ് ജയിച്ചു. മോഗയില്‍ കോണ്‍ഗ്രസ് 20 വാര്‍ഡുകള്‍ നേടിയപ്പോള്‍ അകാലിദള്‍ 15 ഇടത്തും ബിജെപി ഒരിടത്തും എഎപി നാലിടത്തും ജയിച്ചു. പത്തിടത്ത് സ്വതന്ത്രന്മാര്ക്കാണു ജയം.
ഗുര്ദാസ്പുരില് ആകെയുള്ള 29 വാര്‍ഡുകളും കോണ്‍ഗ്രസ് തൂത്തുവാരി. ബതാല, പത്താന്‍കോട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും കോണ്‍ഗ്രസിനാണു മുന്നേറ്റം. ജലന്ധറിലെ ഫിലാപുര്‍ മുനിസിപ്പല്‍ കൗണ്‍സിലില്‍ 15 സീറ്റില്‍ 11 എണ്ണവും കോണ്‍ഗ്രസ് നേടി. ബിജെപിക്കും അകാലിദളിനും സീറ്റില്ല. മൂന്നിട്ടത്ത് സ്വതന്ത്രന്മാരും ഒരു സീറ്റ് ബിഎസ്പിയും നേടി. ബദ്നി കലനില്‍ ഒമ്പത് സീറ്റില്‍ കോണ്‍ഗ്രസ് ജയിച്ചു. എഎപി മൂന്നും അകാലിദള്‍ ഒരു സീറ്റും സ്വന്തമാക്കി. ഗിഡ്ഡെര്‍ബഹയില്‍ കോണ്‍ഗ്രസ് 18 സീറ്റ് നേടി.