
തിരുവനന്തപുരം: സോളാര്‍ കേസില്‍ സി.പി.എമ്മിനൊപ്പം നിന്നതിന്റെ പ്രതിഫലമായി പിന്‍വാതില്‍ നിയമനം നടത്തി കമ്മീഷനെടുക്കാന്‍ സി.പി.എം തന്നെ അനുവദിച്ചിട്ടുണ്ടെന്ന് സരിത.എസ്.നായര്‍ തന്നോട് പറഞ്ഞതായി നെയ്യാറ്റിന്‍കരയില്‍ ലക്ഷങ്ങളുടെ തൊഴില്‍ തട്ടിപ്പിന് ഇരയായ അരുണ്‍ എന്ന യുവാവ്. തൊഴില്‍ തട്ടിപ്പിന് ശ്രമിക്കുന്ന സരിതയുടെ ശബ്ദരേഖയുടെ കൂടുതല്‍ ഭാഗം പുറത്തുവന്നിട്ടുണ്ട്.
സി.പി.എമ്മിന് തന്നെ പേടിയാണെന്ന് അവകാശപ്പെടുന്ന സരിത, പിന്‍വാതില്‍ നിയമനം നടത്തുന്നത് പാര്‍ട്ടി ഫണ്ട് സ്വരൂപിക്കാനാണെന്നും ലഭിക്കുന്ന പാര്‍ട്ടിക്കും ഉദ്യോഗസ്ഥര്‍ക്കുമായി പണം പങ്കുവയ്ക്കുമെന്നും തന്നെ പറഞ്ഞു വിശ്വസിപ്പിച്ചതായി നെയ്യാറ്റിന്‍കര സ്വദേശി എസ്.എസ്.അരുണ്‍ വ്യക്തമാക്കുന്നു. സെക്രട്ടേറിയറ്റ് ജീവനക്കാരിയെന്ന പേരില്‍ വിളിച്ച് തുടങ്ങിയ സരിത 317 തവണയാണ് മന്ത്രിമാരുടെ പേര് പറഞ്ഞ് വിളിച്ചത്. മന്ത്രിമാരുടെ പ്രോഗ്രാം ഷെഡ്യൂളടക്കം സരിത പറഞ്ഞു. അന്വേഷണത്തില്‍ പലതും ശരിയെന്നും ബോധ്യമായതായി അരുണ്‍ പറയുന്നു. ആരോഗ്യകേരളത്തിലെ നാല് പേര്‍ക്ക് പുറമേ നാല് വര്‍ഷം കൊണ്ട് നൂറോളം പേര്‍ക്ക് ജോലി നല്‍കിയെന്നും സരിത അവകാശപ്പെട്ടിട്ടുണ്ട്.
ആരോഗ്യ കേരളം പദ്ധതിയില്‍ 4 പേര്‍ക്കു താന്‍ വഴി പിന്‍വാതില്‍ നിയമനം നല്‍കിയെന്നു സരിത.എസ്.നായര്‍ അവകാശപ്പെടുന്ന ശബ്ദരേഖ ടിവി ന്യൂസ് ചാനലുകള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടതോടെയാണ് സോളാര്‍ കേസിലെ വിവാദ നായിക വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നത്. നിയമനങ്ങള്‍ക്കു രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയുണ്ടെന്നും ജോലി കിട്ടുന്നവര്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നാണു ധാരണയെന്നും സരിത ശബ്ദരേഖയില്‍ വ്യക്തമാക്കിയിരുന്നു.
ഈ ശബ്ദരേഖ ഒരു വര്‍ഷത്തോളമായി കൈവശമുണ്ടെങ്കിലും അതിന്റെ ആധികാരികത പരിശോധിച്ചിട്ടില്ലെന്നാണു പൊലീസ് പറയുന്നത്. കെടിഡിസിയിലും ബെവ്‌കോയിലും ജോലി വാഗ്ദാനം ചെയ്തു നെയ്യാറ്റിന്‍കര സ്വദേശികളായ 2 യുവാക്കളില്‍ നിന്നു സരിതയും കൂട്ടരും 14 ലക്ഷത്തോളം രൂപ തട്ടിച്ചെന്ന പരാതിയിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.