
ചിറയിന്‍കീഴ്: ചരിത്ര പ്രസിദ്ധമായ ശാര്‍ക്കര ദേവീക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവം ഫെബ്രുവരി 13ന് നടക്കും. കോവിഡ് – 19 ന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ഷേത്രോപദേശക സമിതിയും ക്ഷേത്രത്തില്‍ തയ്യാറാക്കുന്ന പണ്ടാര അടുപ്പില്‍ മാത്രമേ പൊങ്കാല സമര്‍പ്പണം ഉണ്ടായിരിക്കുകയുള്ളൂ. 13 ശനിയാഴ്ച രാവിലെ 8-45 നും 9-00 നും ഇടയ്ക്ക് ക്ഷേത്ര മേല്‍ശാന്തി വാളക്കോട്ട് മഠം ജയപ്രകാശ് പരമേശ്വരരു പണ്ടാര അടുപ്പില്‍ തീ പകരും.
പൊങ്കാല നൈവേദ്യം 11:30 ന് നടക്കും. ഭക്തര്‍ക്ക് ശാര്‍ക്കര ക്ഷേത്ര പറമ്പില്‍ പൊങ്കാല ഇടാന്‍ അനുമതി ഉണ്ടായിരിക്കില്ല. ക്ഷേത്രവളപ്പില്‍ ഭക്തരുടെ അടുപ്പുകള്‍ ഉണ്ടാവില്ല. ഭക്തര്‍ക്ക് വീടുകളില്‍ പൊങ്കാല ഇടാം. എന്നാല്‍ നിവേദിക്കല്‍ ഉണ്ടാവില്ല. പൊതുനിരത്തുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ പൊങ്കാലയിടാന്‍ അനുവദിക്കില്ലെന്നും ശാര്‍ക്കര ക്ഷേത്ര ഉപദേശകസമിതി അറിയിച്ചിട്ടുണ്ട്.