
ന്യൂഡല്‍ഹി: കരുത്തും പ്രൗഢിയും വിളിച്ചോതി രാഷ്ട്രം 72-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഇന്ത്യാ ഗേറ്റിലെ യുദ്ധ സ്മാരകത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് പുഷ്പചക്രം അര്‍പ്പിച്ച ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനും മൂന്ന് സൈനിക മേധാവികള്‍ക്കും ഒപ്പം രാജ്പഥില്‍ എത്തിയത്. അതിന് പിന്നാലെ രാഷ്ട്രപതി റാംനാഥ് കോവിന്ദും രാജ്പഥില്‍ എത്തിച്ചേര്‍ന്നു. ലെഫ്റ്റനന്റ് ജനറല്‍ വിജയ് കുമാര്‍ മിശ്ര നയിച്ച റിപ്പബ്ലിക് ദിന പരേഡില്‍ രാഷ്ട്രപതി സല്യൂട്ട് സ്വീകരിച്ചു. ഹെലികോപ്റ്ററുകള്‍ ആകാശത്ത് പുഷ്പവൃഷ്ടി നടത്തി.

ഭാരതത്തിന്റെ സൈനിക കരുത്ത് തെളിയിക്കുന്നു സൈനിക പരേഡ്. ടി90 ഭീഷ്മ ടാങ്ക്, ബ്രഹ്മോസ് മിസൈല്‍, പിനാക മള്‍ട്ടി ലോഞ്ചര്‍ റോക്കറ്റ് സിസ്റ്റം, ഷില്‍ക വെപ്പണ്‍ സിസ്റ്റം, രുദ്ര-ദ്രുവ് ഹെലികോപ്റ്ററുകള്‍ എന്നിവ സൈനിക പരേഡില്‍ പ്രദര്‍ശിപ്പിച്ചു. പരേഡില്‍ പങ്കെടുത്ത 816 ബ്രഹ്മോസ് മിസൈല്‍ റജിമെന്റിന്റെ യുദ്ധകാഹളമായ സ്വാമിയേ ശരണമയ്യപ്പ എന്ന മന്ത്രധ്വനിയും സൈനിക പരേഡില്‍ മുഴങ്ങി. സാധാരണ യുദ്ധകാഹളമായ ദുര്‍ഗ മാതാ കി ജയ്, ഭാരത് മാതാ കി ജയ് തുടങ്ങിയ മന്ത്രധ്വനികള്‍ക്കൊപ്പമാണ് ഇത്തവണ സ്വാമിയേ ശരണമയ്യപ്പ എന്ന അയ്യപ്പ സ്തുതിയും മുഴങ്ങിയത്.
ബംഗ്ലദേശ് സ്വാതന്ത്ര്യത്തിന്റെ 50ാം വാര്‍ഷികത്തിന്റെ ഭാഗമായി ബംഗ്ലദേശ് സായുധ സേനയുടെ സംഘവും പരേഡില്‍ പങ്കെടുത്തു. രാജ്യത്തിന്റെ ആദ്യ വനിതാ ഫൈറ്റര്‍ ജെറ്റ് പൈലറ്റ് ഭാവ്‌ന കാന്ത് എയര്‍ ഫോഴ്‌സ് ടാബ്ലോയുടെ ഭാഗമായി. റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന ആദ്യ വനിതാ യുദ്ധവിമാന പൈലറ്റാണ് ഭാവ്ന കാന്ത്. 32 നിശ്ചലദൃശ്യങ്ങള്‍ പരേഡിന്റെ ഭാഗമായി അണിനിരന്നു. കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചതിന്റെ വിവിധ ഘട്ടങ്ങള്‍ ഉള്‍പ്പെടുത്തിയ നിശ്ചലദൃശ്യവും പരേഡിന്റെ ഭാഗമായി.
കേന്ദ്ര ഭരണ പ്രദേശമായി മാറിയ ലഡാക്കിന്റെ ആദ്യത്തെ നിശ്ചലദൃശ്യമായിരുന്നു പരേഡിലെയും ആദ്യ നിശ്ചലദൃശ്യം. വടക്കന്‍ മലബാറിന്റെ തനത് കലാരൂപമായ തെയ്യമുള്‍പ്പെടുന്ന ദൃശ്യങ്ങള്‍ പരേഡില്‍ കേരളത്തിന്റെ സാംസ്‌കാരികത്തനിമ വിളിച്ചോതുന്നതായിരുന്നു. അയോധ്യയും നിര്‍ദ്ദിഷ്ട രാമക്ഷേത്രത്തിന്റെ രൂപരേഖയായിരുന്നു ഉത്തര്‍പ്രദേശിന്റെ നിശ്ചലദൃശ്യം. ഡിപ്പാര്‍ട്ട്‌മെന്റ് ബയോടെക്‌നോളജിയാണ് നിശ്ചദൃശ്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. 50 വര്‍ഷത്തെ ചരിത്രത്തിനിടെ ഇപ്രാവശ്യം വിശിഷ്ടാതിഥി ഇല്ലതെയായിരുന്നു റിപ്പബ്ലിക് ദിനാഘോഷം നടന്നത്. കോവിഡ് പശ്ചാത്തലത്തില്‍ പരേഡിന്റെ ദൈര്‍ഘ്യവും കാണികളുടെ എണ്ണവും കുറച്ചെങ്കിലും പ്രൗഢിക്കും അന്തസ്സിനും അത് മങ്ങലേല്‍പിച്ചില്ല.