Breaking News

അശോക് ഗെലോട്ടിന്റെ വിമര്‍ശനം, വെളുക്കാന്‍ തേച്ചത് പാണ്ടാകുമോ?

അശോക് ഗെലോട്ട്

വെളുക്കാന്‍ തേച്ചത് പാണ്ടാകുമോയെന്നൊരു പ്രയോഗമുണ്ട് മലയാളത്തില്‍. വടക്കേ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിരാജിക്കുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ടിന് അതറിയില്ലെങ്കിലും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് അത് നന്നായി അറിയാം. പറഞ്ഞുവരുന്നത് അശോക് ഗെലോട്ടിന്റെ ഇന്നത്തെ പ്രസംഗത്തെ കുറിച്ചാണ്.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ.ഐ.സി.സി. നിരീക്ഷകനായെത്തിയ അശോക് ഗെലോട്ട് ഇന്ന് നടത്തിയ പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനും അന്വേഷണ ഏജന്‍സികള്‍ക്കുമെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്. പ്രത്യേകിച്ച് സി.ബി.ഐക്കെതിരെ. ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ജനാധിപത്യമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുന്നുവെന്നാണ് അദ്ദേഹം ആരോപിച്ചത്. അതിന് തെളിവായി ഗോവ, മണിപ്പൂര്‍, ഗോവ സര്‍ക്കാരുകളെ ബി.ജെ.പി അട്ടിമറിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍, അദ്ദേഹത്തിന്റെ ഈ വിമര്‍ശനം കോണ്‍ഗ്രസിനെ വെളുക്കാന്‍ തേച്ചത് പാണ്ടായോയെന്ന് ചിന്തിപ്പിക്കുന്ന അവസ്ഥയില്‍ എത്തിക്കാനാണ് സാധ്യത. കാരണം, കേരളത്തിലെ പ്രതിപക്ഷമായ കോണ്‍ഗ്രസ് ഭരണപക്ഷത്തിനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ വിവരങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ്. അപ്പോഴാണ് വടക്കൂന്ന് വന്ന നേതാവ് പറയുന്നത് കേരളത്തില്‍ കുഴപ്പമൊന്നുമില്ല, എല്ലാം കേന്ദ്ര സര്‍ക്കാരിന്റെ കുത്തിത്തിരിപ്പാണെന്ന്. ലൈഫ് മിഷന്‍, സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് കടത്ത്, കിഫ്ബി വഴിയുള്ള കടമെടുപ്പ് തുടങ്ങിയ വിഷയങ്ങളിലെല്ലാം ചെന്നിത്തലയും കൂട്ടരും സംസ്ഥാന സര്‍ക്കാരിനെ അടപടലം വിമര്‍ശിക്കുന്നത് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ്.
കേരളത്തിലെ ഇടതുപക്ഷത്തിന്റെ ദുര്‍ഭരണത്തിന് അറുതിവരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഉമ്മന്‍ചാണ്ടിയെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതല ഏല്‍പിച്ചത് ഉള്‍പ്പെടെയുള്ള ഗംഭീരമായ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തുടങ്ങിയത്. അപ്പോഴാണ് ദാ, കോണ്‍ഗ്രസ് പാര്‍ട്ടിയെയും യു.ഡി.എഫിനെയും ഉയര്‍ത്തെഴുന്നേല്‍പിക്കാന്‍ നിരീക്ഷകനായെത്തിയ നേതാവ് ഗുണ്ട് പൊട്ടിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവാണ് കേരളത്തില്‍ കാണുന്നതെന്ന്.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ വിവരങ്ങള്‍ ഉയര്‍ത്തിക്കാട്ടി നിരന്തരം കേരളത്തിലെ ഇടതുപക്ഷ നേതാക്കളെയും ഇടതുപക്ഷ ഭരണത്തെയും മുക്കിന് മുക്കിന് മൈക്ക് കെട്ടി വിമര്‍ശിക്കുന്ന ചെന്നിത്തലയാണ് ഗെലോട്ടിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയതും. ഇനി ഭരണപക്ഷത്തെ വിമര്‍ശിക്കാന്‍ നാക്കുവളയ്ക്കുന്ന ചെന്നിത്തലയോട്, നിങ്ങളുടെ വലിയ നേതാവ് പറഞ്ഞത് ഞങ്ങളുടെ ഭരണത്തിന്റെ കുഴപ്പമില്ല, എല്ലാം കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് എന്നാണല്ലോയെന്ന ചോദ്യമായിരിക്കും ഭരണപക്ഷം ചോദിക്കുക. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കങ്ങളും ഭിന്നതകളും ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നുവെന്ന് പറഞ്ഞ ഗെലോട്ടിന്റെ വാക്കുകള്‍ക്ക് മറുപടി പറയാന്‍ ഇടതുപക്ഷത്തിന് ഇനി ആലോചിക്കേണ്ട കാര്യമില്ല. കേരളത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് ഇടതുപക്ഷമാണോ, കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരാണോയെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന-അഖിലേന്ത്യാ നേതാക്കള്‍ തമ്മില്‍ ആദ്യം ഒരു ധാരണയിലെത്തൂയെന്നാവും അവരുടെ മറുപടി. വെളുക്കാന്‍ തേച്ചത് പാണ്ടായെന്ന് കോണ്‍ഗ്രസുകാര്‍ക്ക് തന്നെ ഗലോട്ടിന്റെ പ്രസംഗത്തെക്കുറിച്ച് പറയേണ്ടി വരുമെന്ന് ചുരുക്കം.

Related posts

Leave a Reply

Your email address will not be published. Required fields are marked *