
ന്യൂഡല്‍ഹി: അടുത്തൊരു ഉത്തരവ് ഉണ്ടാകുംവരെ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എച്ച്.എ.ബോബ്‌ഡെയാണ് ഇക്കാര്യം അറിയിച്ചത്. കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത കോടതി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഒരു വിദഗ്ധ സമിതിയെയും നിയോഗിച്ചു. അഗ്രികള്‍ച്ചറല്‍ ഇക്കണോമിസ്റ്റ് അശോക് ഗുലാത്തി, പ്രമോദ് ജോഷി, അനില്‍ ധാന്‍വത്, ഹര്‍സിമ്രത് മാന്‍ എന്നിവരാണ് സമിതിയംഗങ്ങള്‍.
കര്‍ശനമായ നിലപാടുകളാണ് ഇക്കാര്യത്തില്‍ കോടതി സ്വീകരിച്ചത്. സര്‍ക്കാര്‍ സമരത്തെ നേരിടുന്ന രീതിയില്‍ കോടതി കഴിഞ്ഞ ദിവസം കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. നിയമങ്ങള്‍ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ കോടതി തന്നെ നിയമങ്ങള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്യുമെന്ന മുന്നറിയിപ്പും കേന്ദ്രത്തിന് നല്‍കിയിരുന്നു. എന്നാല്‍, ഇന്നലെ രാത്രി നല്‍കിയ പുതിയ സത്യവാങ്മൂലത്തിലും കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ മുന്‍ നിലപാടില്‍ ഉറച്ചുനിന്നതോടെ കോടതി നിയമങ്ങള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്യുകയായിരുന്നു.
കര്‍ഷക സംഘടകളോടും കോടതി കര്‍ശന നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. നിയമങ്ങള്‍ മരവിപ്പിക്കാന്‍ അധികാരമുണ്ടെന്നും കാര്‍ഷിക ബില്ലിനെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യാന്‍ സമിതി രൂപീകരിക്കുമെന്നും കോടതി വ്യക്തമാക്കി. വിദഗ്ധ സമിതിയുമായി കര്‍ഷകര്‍ സഹകരിച്ചേ മതിയാകൂവെന്ന് കോടതി പറഞ്ഞു. ഞങ്ങള്‍ രൂപം കൊടുക്കുന്ന സമിതിയില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും ജുഡീഷ്യല്‍ നടപടിക്രമങ്ങളില്‍ ഈ സമിതിയും ഭാഗമാകുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
പ്രശ്‌നങ്ങളുടെ യഥാര്‍ത്ഥ ചിത്രം കോടതിക്ക് വ്യക്തമാകാനാണ് സമിതിയെ നിയോഗിക്കുന്നത്. സമിതി ആരെയെങ്കിലും ശിക്ഷിക്കുകയോ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയോ ഇല്ല. അവര്‍ ഒരു റിപ്പോര്‍ട്ട് നല്‍കുകയാണ് ചെയ്യുക. സംഘടനകളുടെ അഭിപ്രായങ്ങള്‍ ശേഖരിക്കും. സമിതിയില്‍ പോകില്ലെന്ന തരത്തിലുള്ള ഒരു വാദവും കേള്‍ക്കേണ്ട. പ്രശ്നം പരിഹരിക്കുന്നതിനാണ് നോക്കുന്നതെന്നും കോടതി വ്യക്തമാക്കി. പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് കരുതുന്ന ഏതൊരാളും വിഷയം സമിതിക്കു മുന്നിലേക്ക് വിടണമെന്നാണ് താല്‍പര്യപ്പെടുകയെന്നും കോടതി പറഞ്ഞു.
അതേസമയം, സമിതിയുമായി സഹകരിക്കില്ലെന്നാണ് കര്‍ഷകര്‍ക്കു വേണ്ടി ഹാജരായ എം.എല്‍.ശര്‍മ കോടതിയെ അറിയിച്ചത്. കര്‍ഷകരുടെ യഥാര്‍ഥ പ്രശ്നങ്ങള്‍ ഇന്നലെ കോടതിക്കു മുന്നില്‍ വന്നിരുന്നില്ലെന്നും നിയമം പിന്‍വലിക്കാതെ മധ്യസ്ഥ സമിതി കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം വാദിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രം തയാറാകുന്നില്ലെന്നും ശര്‍മ പറഞ്ഞു. പ്രധാനമന്ത്രി ഇതുവരെ കര്‍ഷകരെ ചര്‍ച്ചയ്ക്കു ക്ഷണിച്ചില്ലെന്ന ശര്‍മയുടെ വാദത്തോട്, പ്രധാനമന്ത്രിയോട് ചര്‍ച്ചയ്ക്ക് ചെല്ലാന്‍ പറയാന്‍ തങ്ങള്‍ക്ക് കഴില്ലെന്നാണ് ചീഫ് ജസ്റ്റിസ് പ്രതികരിച്ചത്.
കൃഷിമന്ത്രി കര്‍ഷകരെ കണ്ടിരുന്നതായി സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. എന്നാല്‍ മന്ത്രിക്ക് തീരുമാനങ്ങളെടുക്കാന്‍ അധികാരമില്ലെന്നും പ്രധാനമന്ത്രിക്കു മാത്രമാണ് അതു സാധിക്കുകയെന്നും ശര്‍മ പറഞ്ഞു. സുപ്രീംകോടതി നിയോഗിച്ച സമിതിയുമായി പൂര്‍ണമായി സഹകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.