
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് കുമ്മനം രാജശേഖരന് മത്സരിക്കാന്‍ സാധ്യത. കുമ്മനത്തിന് വേണ്ടി നേമത്ത് വീട് വാടകയ്ക്ക് എടുത്തതോടെയാണ് നേമത്ത് അദ്ദേഹം മത്സരിക്കുമെന്നതിന് സാധ്യത തെളിയുന്നത്. ഒ.രാജഗോപാലിന് പകരക്കാരനായാണ് കുമ്മനം എത്തുക. കേരളത്തില്‍ ബി.ജെ.പി വിജയിച്ച ഏക മണ്ഡലമാണ് നേമം.
മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പാര്‍ട്ടി നേതൃത്വം കുമ്മനത്തിന് നിര്‍ദ്ദേശം നല്‍കിയെന്നാണ് ലഭിക്കുന്ന വിവരം. ആര്.എസ്.എസ്സാണ് കുമ്മനത്തിനായി അരയും തലയും മുറുക്കി രംഗത്തുള്ളത്. ഇനിയൊരിക്കല്‍ കൂടി മത്സരംഗത്തേക്കില്ലെന്ന് നിലവില്‍ എം.എല്‍.എയായ ഒ.രാജഗോപാല്‍ വ്യക്തമാക്കിയിരുന്നു. സി.പി.എമ്മിലെ വി.ശിവന്‍കുട്ടിയെ പരാജയപ്പെടുത്തിയാണ് അദ്ദേഹം എം.എല്‍.എയായത്.
അതേസമയം, കുമ്മനം ഇക്കാര്യത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയില്ല. എന്നാല്‍, കുമ്മനത്തിന്റെ മുന്‍ നിലപാടുകള്‍ പരിശോധിച്ചാല്‍ ആര്.എസ്.എസ്-ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടാല്‍ അദ്ദേഹം ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ തയാറാണെന്ന് മനസിലാക്കാന്‍ സാധിക്കും.
പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് മത്സരരംഗത്ത് വരണമെന്നും ആര്.എസ്.എസ് താല്പര്യപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തിരുവനന്തപുരത്തെ കഴക്കൂട്ടത്തായിരിക്കും സുരേന്ദ്രന് മത്സരിക്കുക. ഇവിടെയും ബി.ജെ.പി കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് വന്നിരുന്നു. വി.മുരളീധരനായിരുന്നു അന്ന് സ്ഥാനാര്‍ത്ഥി. ഇത്തരത്തില്‍ സാധ്യതയുള്ള 40 സീറ്റുകളുടെ പട്ടിക സംസ്ഥാന നേതൃത്വം തയ്യാറാക്കിയതായാണ് സൂചന.
തിരുവനന്തപുരം ജില്ലയില്‍ ബി.ജെ.പിക്ക് വിജയപ്രതീക്ഷയുള്ള മറ്റൊരു മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ വി.വി.രാജേഷ് മത്സരിക്കുമെന്നാണ് സൂചന. പി.കെ.കൃഷ്ണദാസിന്റെ പേരും ഇവിടെ പറഞ്ഞുകേള്‍ക്കുന്നുണ്ട്. കഴിഞ്ഞ തവണ ബി.ജെ.പി ഇവിടെ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇത്തവണ വട്ടിയൂര്‍ക്കാവില്‍ ജയിക്കാവുന്ന സാഹചര്യമാണെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു.