
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഇരുപത്തിയഞ്ചാമത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് ‘അറ്റെന്‍ഷന്‍ പ്ലീസ്’ തിരഞ്ഞെടുത്തു. വിഷ്ണു ഗോവിന്ദന്,ആതിര കല്ലിങ്കല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന് ഐസക് തോമസ്സ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അറ്റെന്‍ഷന്‍ പ്ലീസ്’.
ഡി എച്ച് സിനിമാസിന്റെ ബാനറില്‍ ഹരി വൈക്കം,ശ്രീകുമാര്‍ എന്‍ ജെ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ആനന്ദ് മന്മഥന്,ശ്രീജിത്ത്,ജോബിന്,ജിക്കി തുടങ്ങിയവരും അഭിനയിക്കുന്നു. സിനിമയ്ക്കുള്ളിലെ വിവേചനവും വേര്‍തിരിവും എടുത്തുകാട്ടുന്ന ഒരു സിനിമയാണിത്. ജാതിയുടെയും നിറത്തിന്റെയും പേരില്‍ കളിയാക്കല്‍ അതിരുവിടുമ്പോള്‍ സംഭവിക്കുന്ന പ്രശ്നങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളുമാണ് ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. ‘മാറ്റിനിര്‍ത്തലുകളില്‍ പ്രതികരിക്കേണ്ടി വരുന്ന സാധാരണക്കാരന്റെ കഥ പറയുന്ന ‘അറ്റെന്‍ഷന്‍ പ്ലീസ് ‘ഒരു പരീക്ഷണാര്‍ത്ഥ സിനിമാ മാതൃകക്ക് തുടക്കം എന്ന നിലയില്‍ ശ്രദ്ധേയമാകുമെന്ന് സംവിധായകന് ജിതിന് ഐസക്ക് തോമസ്സ് പറഞ്ഞു.
ഛായാഗ്രഹണം-ഹിമല്‍ മോഹന്‍,സംഗീതം-അരുണ്‍ വിജയ്,എഡിറ്റര്‍-രോഹിത് വി എസ് വാര്യത്ത്,പ്രൊഡക്ഷന്‍ കണ്ട്രോളര്-കിഷോര്‍ പുറക്കാട്ടിരി,കല-മിലന് വി എസ്,സ്റ്റില്‍സ്-സനില്‍ സത്യദേവ്,പരസ്യക്കല-മിലന് വി എസ്, പ്രൊഡക്ഷന്‍ ഡിസൈന്‍-ഷാഹുല്‍ വൈക്കം,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.