
കൊച്ചി: ഗെയ്ല് പദ്ധതി യാഥാര്‍ത്ഥ്യമായതോടെ സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനം പാലിക്കപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊച്ചി-മംഗളൂരു പൈപ്പ് ലൈന്‍ പ്രധാനമന്ത്രി കമ്മീഷന് ചെയ്ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 450 കി.മീ ദൈര്‍ഘ്യമുള്ള പൈപ്പ് ലൈനിന്റെ 414 കി.മീറ്ററും കേരളത്തിലാണ്.
പദ്ധതി നടപ്പാക്കുന്നതില്‍ ജനങ്ങള്‍ക്ക് സ്വാഭാവിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നു. എന്നാല്‍, അവസരോചിതമായ ഇടപെടലിലൂടെ കേരളത്തിന്റെ സമഗ്രമേഖലയിലും ഗെയ്ല് പദ്ധതി വികസനം കൊണ്ടുവരുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചു. അതാണ് ഇപ്പോള്‍ ഫലപ്രാപ്തിയിലെത്തിയത്-അദ്ദേഹം പറഞ്ഞു.
ഗെയ്ല് ഉദ്യോഗസ്ഥരെയും ജില്ലാ ഭരണാധികാരികളെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. പ്രളയവും നിപ്പയും കോവിഡ് മഹാമാരിയും പോലുള്ള വെല്ലുവിളികള്‍ക്കിടയിലും തൊഴിലാളികള്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിറ്റി ഗ്യാസ് വിതരണ ശ്രൃംഖല വ്യാപകമാക്കാന്‍ പൈപ്പ്ലൈന് പൂര്‍ത്തീകരണം സഹായിക്കും. വീട്ടാവശ്യത്തിനുള്ള പ്രകൃതിവാതകത്തിന്റെ ലഭ്യത വര്‍ധിക്കും. ഫാക്ടിന്റെ വികസനത്തിനും നിര്‍ദിഷ്ട പെട്രോകെമിക്കല്‍സ് പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കുന്നതിനും ഈ പദ്ധതി സഹായിക്കും- മുഖ്യമന്ത്രി പറഞ്ഞു.