Breaking News

നാല് സംസ്ഥാനങ്ങളില്‍ ഇന്നും നാളെയും കോവിഡ് വാക്‌സിന്‍ ‘ഡ്രൈ റണ്‍’

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യമാകമാനം കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങുന്നതിന്റെ മുന്നൊരുക്കമായി നാലു സംസ്ഥാനങ്ങളില്‍ ‘ഡ്രൈ റണ്‍’ നടത്തും. ഇന്നും നാളെയുമാണ് ‘ഡ്രൈ റണ്‍’. ആന്ധ്രാപ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ഡ്രൈ റണ്‍. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മാനദണ്ഡമാക്കിയാണ് ഈ സംസ്ഥാനങ്ങളെ ‘ഡ്രൈ റണ്‍’ നടത്തുന്നതിനായി തെരഞ്ഞെടുത്തിട്ടുള്ളത്.
കോവിഡ് വാക്‌സിന്‍ വിതരണത്തിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും വാക്‌സിന്‍ ഇല്ലാതെ നടത്തുന്ന മോക് ഡ്രില്‍ ആണ് ‘ഡ്രൈ റണ്‍’. വാക്‌സിന്‍ കുത്തിവയ്ക്കുന്നതൊഴികെ, കോവാക്സിന്റെ വിതരണത്തിനുള്ള ശൃംഖലയായ കോവിന്നിലെ വിവരശേഖരണം മുതല്‍ വാക്സിന്‍ രശീതു നല്‍കല്‍, ആരോഗ്യപ്രവര്‍ത്തകരുടെ വിന്യാസം, വിതരണകേന്ദ്രങ്ങളിലെ മോക്ക് ഡ്രില്‍, മരുന്നുവേണ്ടവരുടെ റിപ്പോര്‍ട്ടിങ്, ആരോഗ്യപ്രവര്‍ത്തകരുടെ വൈകുന്നേരത്തെ വിലയിരുത്തല്‍ യോഗം വരെയുള്ളതെല്ലാം ഡ്രൈ റണ്ണിന്റെ ഭാഗമായി ഉണ്ടാകും.
വാക്‌സിന്‍ വിതരണ പ്രക്രിയയില്‍ മരുന്നുവിതരണ ശൃംഖലയിലെ ശീതികരണസംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമാവുക, വിവരശേഖരണത്തിലും മറ്റുമുണ്ടാകുന്ന തെറ്റുകള്‍ തുടങ്ങിയ പിഴവുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇവയൊക്കെ മനസിലാക്കാനും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാനുമാണ് ‘ഡ്രൈ റണ്‍’ എന്ന പേരില്‍ മോക് ഡ്രില്‍ നടത്തുന്നത്.
ശീതീകരണ സംവിധാനങ്ങളുടെ പരിശോധന, വിതരണ കേന്ദ്രങ്ങളിലെത്തുന്നവരെ നിയന്ത്രിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവയിലടക്കം ആരോഗ്യപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. രോഗപ്രതിരോധ കുത്തിവെപ്പിനിടെ ഉണ്ടാകാവുന്ന പ്രതികൂല സാഹചര്യങ്ങളെയെല്ലാം കൈകാര്യം ചെയ്യാന്‍ പ്രാപ്തരാവുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
‘ഡ്രൈ റണ്‍’ നടത്താന്‍ തെരഞ്ഞെടുത്ത സംസ്ഥാനങ്ങളില്‍ ഓരോന്നിലും രണ്ട് വീതം ജില്ലകളില്‍, ജില്ലാ ആശുപത്രി, സാമൂഹികാരോഗ്യ കേന്ദ്രം/പ്രാഥമികാരോഗ്യ കേന്ദ്രം, നഗരമേഖല, ഗ്രാമീണമേഖല, സ്വകാര്യ ആരോഗ്യ സംവിധാനം എന്നിങ്ങനെ അഞ്ചുമേഖലതിരിച്ച് ഇതിനായി ക്രമീകരണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *