
ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ദീപു(25)വിനെയാണ് ജനക്കൂട്ടം അടിച്ചുകൊന്നത്. മോഷ്ടാവെന്നാരോപിച്ചായിരുന്നു ആക്രമണം. ദീപുവിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് അരവിന്ദ് ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയിലാണ്.
വീട് കുത്തിത്തുറന്ന് മോഷണശ്രമം നടത്തിയെന്നാരോപിച്ച് ജനക്കൂട്ടം ദീപുവിനെയും സുഹൃത്ത് അരവിന്ദിനെയും ആദ്യം തടഞ്ഞുവയ്ക്കുകയും പിന്നീട് ആക്രമിക്കുകയും ചെയ്തത്. ആക്രമണത്തില്‍ പരിക്കേറ്റ ഇരുവരെയും പോലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ദീപുവിന്റെ ജീവന് രക്ഷിക്കാനായില്ല.
മഹാത്മാ ഗാന്ധി മെമ്മോറിയല്‍ ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദീപു മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ ചികിത്സയിലുള്ള അരവിന്ദിന്റെ ആരോഗ്യ നിലയില്‍ ഇപ്പോള്‍ പ്രശ്നങ്ങളില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
എന്നാല്‍, ഇവര്‍ മോഷണശ്രമം നടത്തിയോ എന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്തിനാണ് ഇവര്‍ തിരുച്ചിറപ്പള്ളിയില്‍ എത്തിയത് എന്ന കാര്യത്തിലും പോലീസ് വിശദീകരണം നല്‍കിയിട്ടില്ല. ആള്‍ക്കൂട്ട അക്രമണം എന്നാണ് പ്രാഥമികമായി പോലീസ് കരുതുന്നത്.