Breaking News

തളിപ്പറമ്പ് നഗരസഭയില്‍ 24കാരി ചെയ‌ര്‍‌പേഴ്സണ്‍

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ യു.ഡി.എഫ് നേടിയ തിളക്കമാര്‍ന്ന ജയത്തിന് പുറമെ അദ്ധ്യക്ഷപദവി സംബന്ധിച്ചുള്ള ആലോചനകളും മുറുകി. 751 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച 24കാരി മുര്‍ഷിദ കൊങ്ങായിക്കാണ് ചെയ‌ര്‍‌പേഴ്സണ്‍ സ്ഥാനത്ത് മുസ്ലിം ലീഗില്‍ സ്വീകാര്യത കൂടുതലുള്ളത്. ലീഗ് നേതാവ് കൊങ്ങായി മുസ്തഫയുടെ മകളാണ് മുര്‍ഷിദ.
പാളയാട് വാര്‍ഡില്‍ നിന്നും ജയിച്ച മുന്‍ കെ.പി.സി.സി മെമ്പറും തളിപ്പറമ്പ് സഹകരണ ബാങ്ക് പ്രസിഡന്റുമായ കല്ലിങ്കീല്‍ പത്മനാഭന്‍ വൈസ് ചെയര്‍മാനാകും. മൂന്ന് വോട്ടിനാണ് പത്മനാഭന്‍ ജയിച്ചത്. മുസ്ലിംലീഗിന്റെ കോട്ടകളില്‍ നേരിയ വിള്ളല്‍ പോലും ഉണ്ടാക്കാന്‍ എല്‍.ഡി.എഫിന് കഴി ഞ്ഞില്ല. എന്നാല്‍ കോണ്‍ഗസിന്റെ സ്വാധീനമേഖലകളില്‍ സി.പി.എമ്മും ബി.ജെ.പിയും കടന്നുകയറി.
മൂന്ന് സീറ്റുകളാണ് കോണ്‍ഗ്രസിന് നഷ്ടപ്പെട്ടത്. ബി.ജെ.പി ഒരു സീറ്റില്‍ നിന്നും മൂന്നിലേക്ക് വളര്‍ന്നു. ചാലത്തൂരില്‍ 350 ലേറെ വോട്ടു നേടി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം കുറക്കാനും ബി.ജെ.പിക്ക് കഴിഞ്ഞു. മുന്‍ നഗരസഭ കക്ഷിനേതാവ് വത്സരാജന്‍ പാലക്കുളങ്ങരയില്‍ അട്ടിമറി വിജയം നേടി.
സി.പി.എമ്മിന് ഒരു വാര്‍ഡ് കൂടുതല്‍ ലഭിച്ചെങ്കിലും ചാലത്തൂര്‍, തുള്ളന്നൂര്‍ വാര്‍ഡുകളിലെ ഭൂരിപക്ഷം കുറഞ്ഞത് തിരിച്ചടിയായി. വെല്ലുവിളി ഉയര്‍ന്ന കീഴാറ്റൂരില്‍ സി.പി.എം ജയിച്ചുകയറി. ഇവിടെ യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും പിന്തുണയുള്ള വയല്‍ക്കിളി സ്ഥാനാര്‍ത്ഥി 250 ഓളം വോട്ട് നേടി. അതേസമയം പുഴക്കുളങ്ങരയിലെ എല്‍.ഡി.എഫിന്റെ വിജ യത്തിന് തിളക്കമേറെയാണ്. സി.പി.എമ്മിലെ സി. സുരേഷ് 103 വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്. തൊട്ടടുത്ത് വാര്‍ഡായ രാജരാജേശ്വരത്ത് പി. ഗോപിനാഥും നല്ല ഭൂരിപക്ഷത്തിന് വിജയിച്ചു. ലീഗ് ഏറെ പ്രതീക്ഷ വച്ച ഏഴാംമൈല്‍ നിലനിര്‍ത്താനും എല്‍.ഡി.എഫിന് കഴിഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *