
തിരുവനന്തപുരം: ഇടിവെട്ടിയവനെ പാമ്പ് കടിച്ചെന്ന് കേട്ടിട്ടില്ലേ? സി.പി.എമ്മിന് അതിന്റെ അര്‍ത്ഥം ഇപ്പോള്‍ ശരിക്കും മനസിലാകുന്നുണ്ടാവും. സ്വപ്ന സുരേഷിലൂടെ സ്വര്‍ണക്കടത്ത് കേസില്‍ വിവാദത്തിലായ സി.പി.എം അതില്‍നിന്ന് എങ്ങനെ തടിയൂരാമെന്ന് ആലോചിക്കുമ്പോഴാണ് ദാ, വീണ്ടും സരിത.എസ്.നായരുടെ രംഗപ്രവേശം. സോളാര്‍ തട്ടിപ്പ് മുഖേനയാണ് സരിത ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ തച്ചുടച്ചതെങ്കില് പിണറായി സര്‍ക്കാരിന് സരിത തലവേദയാകുന്നത് തൊഴില്‍ തട്ടിപ്പ് കേസിലാണ്.
സരിതയുടെ തൊഴില്‍ തട്ടിപ്പ് പുറത്തുവന്നാല്‍ പിണറായി സര്‍ക്കാരിലെ പല ഉന്നതരും കുടങ്ങുമെന്നാണ് സൂചന. ലക്ഷങ്ങള്‍ കോഴ വാങ്ങിക്കൊണ്ട് ബിവറേജസ് കോര്‍പറേഷനിലും കെ.റ്റി.ഡി.സിയിലും വ്യാജ നിയമനങ്ങള്‍ നല്കിയ കേസില്‍ സരിതയെ രക്ഷപെടുത്താന്‍ ഭരണകക്ഷി നേതാക്കള്‍ നെട്ടോട്ടമോടുകയാണിപ്പോള്‍. ഈ സ്ഥാപനങ്ങളില്‍ സരിതയ്ക്ക് നിര്‍ണ്ണായക സ്വാധീനമുണ്ടെന്നാണ് സരിതയുടെ തൊഴില്‍ തട്ടിപ്പിന് ഇരകളായവരുടെ മൊഴികളില്‍നിന്ന് മനസിലാവുന്നത്.
വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് സരിതയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവരെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന് ഉറപ്പാണ്. ചോദ്യം ചെയ്യലില്‍ സരിത സത്യം തുറന്നുപറഞ്ഞാല്‍ സര്‍ക്കാരിലെ ഉന്നതരായ പലരും കുടുങ്ങിയേക്കും. ബിവറേജസ് കോര്‍പറേഷനിലും കെ.റ്റി.ഡി.സിയിലും ഭരണം കയ്യാളുന്നവര്‍ക്ക് തൊഴില്‍ തട്ടിപ്പില്‍ പങ്കുണ്ടോയെന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല.
സ്വര്‍ണക്കടത്ത് കേസില്‍ സി.പി.എമ്മാണ് പഴികേട്ടതെങ്കില് സരിത കേസില്‍ സി.പി.എമ്മിന് പുറമേ സി.പി.ഐയും ജനങ്ങളോട് മറുപടി പറയേണ്ടി വരും. കാരണം തൊഴില്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി സി.പി.ഐ നേതാവായ ടി.രതീഷാണ്. രണ്ടാം പ്രതി സരിതയും മൂന്നാം പ്രതി ഷാജു പാലിയോടുമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണ് ഷാജു പാലിയോട്. രതീഷും ഷാജുവും യുവാക്കളില്‍നിന്ന് പണം വാങ്ങിയെന്നും സരിത നിയമന ഉത്തരവുകള്‍ തയാറാക്കുകയും പണം തിരിച്ച് ചോദിച്ചവരെ വിളിക്കുകയും ചെയ്തുവെന്നുമാണ് പോലീസ് പറയുന്നത്.
2018 ഡിസംബറില്‍ ആരംഭിച്ച തട്ടിപ്പിനെ കുറിച്ച് നെയ്യാറ്റിന്‍കര പോലീസിന് പരാതി ലഭിച്ചത് കഴിഞ്ഞ നവംബര്‍ 6 നാണ്. ഇതിനിടെ കേസില്‍ ഒന്നാം പ്രതിയായ രതീഷിനെ പാറശാല കുന്നത്തുകാല്‍ പാലിയോട് വാര്‍ഡില്‍ നിശ്ചയിച്ചിരുന്നു. അതിനാല്‍ കേസിന്റെ അന്വേഷണത്തില്‍ സി.പി.ഐയ്ക്കും ഇടപെടേണ്ടിവന്നു. വോട്ടെടുപ്പ് കഴിയുന്നതുവരെ പരാതിക്കാരുടെ മൊഴിയെടുന്നത് വൈകിപ്പിച്ചത് ഈ ഇടപെടലാണ്. തട്ടിപ്പിന് ഇരയായവരില്‍ ഭൂരിഭാഗവും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ്.
അതുകൊണ്ടുതന്നെ തൊഴില്‍ തട്ടിപ്പില്‍ പങ്കാളിത്തമുള്ളവരെ സംരക്ഷിക്കുന്നതിന് ജനങ്ങളോട് മാത്രമല്ല, പാര്‍ട്ടിക്കകത്തും സി.പി.എം-സി.പി.ഐ നേതൃത്വം മറുപടി പറയേണ്ടി വരും. മുന്‍ കെഎസ്യു നേതാവിനെ സംസ്ഥാനത്തെ ഒരു പ്രധാനപ്പെട്ട കമ്മിഷനില്‍ നിയമിച്ചതിന് പിന്നിലും സരിതയുടെ കരങ്ങളാണെന്ന് പാര്‍ട്ടിക്കുള്ളില്‍ നേരത്തേതന്നെ സംസാരമുയര്‍ന്നിട്ടുണ്ട്. ജോലി ഉറപ്പാണെന്നും ഇല്ലെങ്കില്‍ പണം തിരികെ ലഭിക്കുമെന്നും വിശ്വസിപ്പിച്ചാണ് ഇവര്‍ യുവാക്കളില്‍നിന്നും പണം കൈപ്പറ്റിയത്.
തിരുനല്‍വേലി മഹേന്ദ്രഗിരിയിലെ ബാങ്കിലുള്ള സരിതയുടെ അക്കൗണ്ടിലേക്കും യുവാക്കള്‍ പണം അയച്ചിട്ടുണ്ട്. അതിന് പിന്നാലെയാണ് വ്യാജ ഉത്തരവുകള്‍ വിതരണം ചെയ്തത്. ഇതിന്റെ തെളിവുകളും സരിതയുടെ ശബ്ദരേഖയും പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന തൊഴില്‍തട്ടിപ്പ് കേസ് എല്‍.ഡി.എഫ് സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലേക്കായിരിക്കും തള്ളിവിടുന്നത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്നയെ അറിയില്ലെന്നും വൈകിയാണ് അവരുടെ ക്രിമിനല്‍ പശ്ചാത്തലം തിരിച്ചറിഞ്ഞതെന്നുമൊക്കെയുള്ള ന്യായീകരണം സരിതയുടെ കാര്യത്തില്‍ വിലപ്പോവില്ലെന്നതാണ് അതിന് കാരണം.