
ന്യൂഡല്‍ഹി: കര്‍ഷക സമരത്തില്‍ രാജ്യവിരുദ്ധ സംഘടനക്കാര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അവരെ കണ്ടെത്തി നടപടികള്‍ സ്വീകരിക്കാമെന്ന് ഭാരതീയ കിസാന്‍ യൂണിയന്(ബികെയു) നേതാവ് രാകേഷ് ടികേത്ത്. ഏതെങ്കിലും നിരോധിത സംഘടനകളില്‍ പെട്ടവര്‍ ഇവിടെ സമരക്കാര്‍ക്കൊപ്പം തിരിഞ്ഞുകളിക്കുന്നുണ്ടെങ്കില്‍ അവരെ അഴിക്കുള്ളിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഞങ്ങള്‍ അത്തരത്തിലുള്ള ഒരാാളെപ്പോലും ഇവിടെ കണ്ടിട്ടില്ല. ഇനി അങ്ങനെ കണ്ടാല്‍ തന്നെ അവരെ ഞങ്ങള്‍ പറഞ്ഞയക്കും-അദ്ദേഹം പറഞ്ഞു.
തീവ്ര ഇടത് സംഘടനകള്‍ കര്‍ഷ സമരം ഹൈജാക്ക് ചെയ്തുവെന്നും സമരത്തില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ഇത്തരം സംഘടനകള്‍ ശ്രമിക്കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കേന്ദ്ര മന്ത്രി പിയൂഷ് ഗോയലും കര്‍ഷകര്‍ക്കിടയില്‍ തീവ്ര ഇടതുപക്ഷം നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് ആരോപിച്ചിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു രാകേഷ് ടികേത്ത്.
ഡല്‍ഹി- ഗാസിപുര്‍ അതിര്‍ത്തിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് കര്‍ഷക മാര്‍ച്ച് ആരംഭിച്ചു കഴിഞ്ഞു. ഈ മാര്‍ച്ചിലൂടെ തങ്ങളവര്ക്കൊരു സന്ദേശം നല്കാനാഗ്രഹിക്കുന്നു എന്നാണ് ടികേത്ത് പറഞ്ഞത്. പുതിയ കര്‍ഷക നിയമങ്ങള്‍ക്കെതിരായുള്ള കര്‍ഷക സമരം 17ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ സമരം അതിശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് കര്‍ഷകരുടെ തീരുമാനം.