
ന്യൂഡല്‍ഹി: കര്‍ഷക സമരം ശക്തമാക്കുന്നതിന്റെ സൂചനകളാണ് ഡല്‍ഹിയില്‍നിന്ന് ലഭിക്കുന്നത്. പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 50,000ത്തോളം കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നീങ്ങുന്നുണ്ട്. ഇപ്പോള്‍ അവര്‍ മോഗയിലാണുള്ളത്. 1200 ട്രാക്ടറുകളിലായാണ് അവര്‍ ഡല്‍ഹിയിലേക്ക് നീങ്ങുന്നത്. ആറ് മാസത്തോളം ഉപയോഗിക്കാന്‍ കഴിയുന്ന ഭക്ഷണം കരുതിക്കൊണ്ടാണ് കര്‍ഷകരുടെ യാത്ര.
‘മരിക്കാനും തയാറായാണ് ഞങ്ങള്‍ പ്രതിഷേധിക്കുന്നത്. കൊല്ലുന്നതിനെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് മോദി സര്‍ക്കാരാണ്’-മസ്ദൂര്‍ സംഘര്‍ഷ് കമ്മറ്റി നേതാവ് സത്നം സിങ് പന്നു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. സംയുക്ത കിസാന്‍ മോര്‍ച്ച കഴിഞ്ഞ ദിവസം റെയില്‍ ഉപരോധം പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച വരെ നല്‍കിയ അന്ത്യശാസനം സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കാത്തതിനാല്‍ സമരം അതിശക്തമായി മുന്നോട്ടു കൊണ്ട് പോകാനാണ് കര്‍ഷകരുടെ തീരുമാനം.
അതേസമയം, കര്‍ഷക ബില്ലുകള്‍ കര്‍ഷക വിരുദ്ധമാണെന്നും വിഷയത്തില്‍ ഇടപെടണമെന്നും പറഞ്ഞുകൊണ്ട് കര്‍ഷക നേതാക്കള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. കര്‍ഷക സമരത്തെ പ്രതിരോധിക്കാന്‍ രാജ്യത്തുടനീളം കിസാന്‍ സഭകള്‍ ചേരാനാണ് ബിജെപിയുടെ തീരുമാനം. 700-ഓളം കിസാന്‍ സഭകള്‍ സംഘടിപ്പിക്കാന്‍ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്.