
തൃശ്ശൂര്‍: സംസ്ഥാന നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്. സ്പീക്കറെ വ്യക്തിപരമായി ആക്രമിക്കുന്നത് ജനാധിപത്യ സംവിധാനത്തിന് ചേര്‍ന്നതല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായ പ്രകടനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രമേശ് ചെന്നിത്തലയ്ക്ക് രാഷ്ട്രീയ നിരാശയാണ്. തനിക്കുനേരെ ഉയര്‍ന്ന ആരോപണങ്ങളില്‍ സ്പീക്കര്‍ വിശദീകരണം എഴുതി നല്‍കിയിട്ടും വീണ്ടും ആരോപണങ്ങള്‍ ഉന്നയിക്കുന്നത് രാഷ്ട്രീയ മാന്യതയല്ല. രാഷ്ട്രീയ നിരാശ ചെന്നിത്തലയെ എത്രത്തോളം തരംതാഴ്ത്തിയെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍നിന്ന് വ്യക്തമാണ്-വിജയരാഘവന് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വന്‍ വിജയം നേടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ‘ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ വലിയ ആശ്വാസവും ആത്മവിശ്വാസവും ഉയര്‍ത്തിയിട്ടുണ്ട്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ നല്കിയ ആശ്വാസവും വികസനപ്രവര്‍ത്തനങ്ങള്‍ നല്കിയ ആത്മവിശ്വാസവുമാണ് കേരളത്തെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തിട്ടുളളതും വിലയിരുത്തിയിട്ടുളളതും. വലിയ വിജയം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടാകും’-വിജയരാഘവന് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വില കുറഞ്ഞ രാഷ്ട്രീയമാണ് പ്രയോഗിച്ചത്. തെരഞ്ഞെടുപ്പിനെ അസത്യം പ്രചരിപ്പിക്കാനുള്ള അവസരമാക്കി മാറ്റി യു.ഡി.എഫ്. കേരളത്തെ വര്‍ഗീയവല്‍ക്കരിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുന്നത്. കേരള കോണ്‍ഗ്രസ്(എം)കൂടി എല്‍.ഡി.എഫിനൊപ്പം ചേര്‍ന്നതോടെ യു.ഡി.എഫ് അതീവ ദുര്‍ബലമായിരിക്കുകയാണ്. കണ്ണീരൊഴുക്കിയിട്ട് കാര്യമില്ല. കേരള കോണ്‍ഗ്രസിന് സ്വാധീനമുള്ള മേഖലകളില്‍ യു.ഡി.എഫിന് വലിയ നഷ്ടം സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.