Breaking News

സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കും: രണ്ടാം ക്ലാസ്സ് വരെ ഹോംവര്‍ക്ക് വേണ്ട

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിന് പുതിയ നയവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ശരീരഭാരത്തിന്റെ പത്ത് ശതമാനത്തില്‍ താഴെയേ വിദ്യാര്‍ത്ഥികളുടെ ബാഗിന് ഭാരം പാടുള്ളൂവെന്നാണ് പുതിയ നയത്തില്‍ പറയുന്നത്. രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികളെ ഹോംവര്‍ക്കില്‍നിന്ന് ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
2018-ല്‍ മദ്രാസ് ഹൈക്കോടതി വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കാനുള്ള നയം രൂപീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍പ്രകാരമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുതിയനയം രൂപപ്പെടുത്തിയിരിക്കുന്നത്. നയത്തിന്റെ പകര്‍പ്പ് സംസ്ഥാനങ്ങള്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്.
എന്‍.സി.ഇ.ആര്‍.ടി പാഠ്യപദ്ധതി വിഭാഗം തലവനായ രഞ്ജന അറോറയുടെ നേതൃത്വത്തിലാണ് നയം രൂപീകരിച്ചത്. രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികളുടെ ഭാരം ശരാശരി 22 കി.ഗ്രാം ആണ്. ഇതിന്റെ പത്ത് ശതമാനമായ രണ്ട് കി.ഗ്രാമില്‍ കൂടുതല്‍ ഭാരം സ്‌കൂള്‍ ബാഗിന് ഉണ്ടാവാന്‍ പാടില്ലെന്നാണ് പുതിയ നയത്തില്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്.
പ്ലസ് ടു തലത്തിലെ കുട്ടികളുടെ ശരാശരി ഭാരം 35-50 കി.ഗ്രാം ആയതിനാല്‍ ഇവരുടെ സ്‌കൂള്‍ ബാഗിന് 5 കി.ഗ്രാമില്‍ കൂടുതല്‍ ഭാരം ഉണ്ടാവാന്‍ പാടില്ല. എല്ലാ പാഠപുസ്തകങ്ങളിലും പ്രസാധകര്‍ പുസ്തകത്തിന്റെ ഭാരം രേഖപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.
സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കാനുള്ള നയത്തിന്റെ ഭാഗമായി കുട്ടികളുടെ പുസ്തകം നിശ്ചയിക്കുമ്പോള്‍ അവയുടെ ഭാരം കൂടി അധ്യാപകര്‍ കണക്കിലെടുക്കണം. മികച്ച നിലവാരമുള്ള ഉച്ചഭക്ഷണവും കുടിവെള്ളവും ലഭ്യമാക്കിയാല്‍ കുട്ടികള്‍ക്ക് ചോറ് പാത്രത്തിന്റെയും വാട്ടര്‍ ബോട്ടിലിന്റെയും ഭാരം കുറയ്ക്കാനാവും.
പഠനഭാരം കുറയ്ക്കുന്നതിനെ കുറിച്ചും പുതിയ നയത്തില്‍ വിശദീകരിക്കുന്നുണ്ട്. രണ്ടാം ക്ലാസ്സ് വരെ ഹോംവര്‍ക്ക് വേണ്ട. അതിന് പകരം വിദ്യാര്‍ത്ഥികള്‍ വൈകുന്നേരങ്ങളില്‍ എങ്ങനെ സമയം ചെലവഴിച്ചു, എന്തൊക്കെ കളിച്ചു, എന്തൊക്കെ ഭക്ഷണം കഴിച്ചു തുടങ്ങിയ കാര്യങ്ങള്‍ അധ്യാപകര്‍ ക്ലാസില്‍ പറയിപ്പിക്കണം.
3 മുതല്‍ 5 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ആഴ്ചയില്‍ പരമാവധി രണ്ട് മണിക്കൂര്‍വരെ ഹോം വര്‍ക്ക് നല്‍കാം. 6 മുതല്‍ 8 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ദിവസവും പരമാവധി 1 മണിക്കൂര്‍ വരെ ഹോംവര്‍ക്ക് നല്‍കാം. ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെ ക്‌ളാസ്സുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിദിനം രണ്ട് മണിക്കൂറിലധികം ഹോം വര്‍ക്ക് നല്‍കരുത്. രാജ്യമൊട്ടാകെയുള്ള 350-ഓളം സ്‌കൂളുകളിലെ 3000-ത്തോളം രക്ഷകര്‍ത്താക്കളിലും 3600-ഓളം വിദ്യാര്‍ത്ഥികളിലും നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് പുതിയ നയം രൂപീകരിച്ചിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *