Breaking News

മുസ്‌ലിം ലീഗ് നേതാവിന് നേരെ ആക്രമണം: റിസോര്‍ട്ടിന് നേരെ പെട്രോള്‍ ബോംബ് പ്രയോഗം

റിസോര്‍ട്ടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും കത്തിനശിച്ച നിലയില്‍

വര്‍ക്കല: മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയംഗം എ.ദാവൂദിന്റെ റിസോര്‍ട്ടിന് നേരെ ആക്രമണം. വള്ളക്കടവ് കടപ്പുറത്തുള്ള സാലിയന്റ് ആയുര്‍വേദിക് ബീച്ച് റിസോര്‍ട്ടിലാണ് ഒരു സംഘം ആളുകള്‍ ഇരച്ചുകയറി ആക്രമണം നടത്തിയത്. പെട്രോള്‍ ബോംബുകളും മറ്റ് മാരകായുധങ്ങളും അക്രമികള്‍ ഉപയോഗിച്ചെന്ന് ദാവൂദ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ പെട്രോള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വാതിലുകളും സ്റ്റെയര്‍കെയ്‌സുകളും വെട്ടിപ്പൊളിച്ച് അകത്തുകടന്ന അക്രമിസംഘത്തില്‍ നിന്നും താന്‍ രക്ഷപെട്ടത് ഭാഗ്യംകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഭീകരമായ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന് ഞാന്‍ പെട്ടെന്നുതന്നെ വാതില്‍ കുറ്റിയിട്ട് വാതിലിന് സപ്പോര്‍ട്ടായി മേശയും പിടിച്ചിട്ടു. അതിനുശേഷം മകനെ വിളിച്ച് വിവരം അറിയിച്ചു. മകനാണ് പോലീസില്‍ വിവരം അറിയിച്ചത്. പോലീസിനെ വിളിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാവണം കുറച്ചുകഴിഞ്ഞ് അക്രമിസംഘം പിന്തിരിയുകയായിരുന്നു-അദ്ദേഹം വ്യക്തമാക്കി.
പെട്രോള്‍ ബോംബ് ആക്രമണത്തില്‍ റിസോര്‍ട്ടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും കത്തി നശിച്ചിട്ടുണ്ട്. കാറും അടിച്ചുതകര്‍ത്ത നിലയിലാണ്. വ്യാഴാഴ്ച അര്‍ദ്ധരാത്രി സമയം ആക്രമണത്തിന് തെരഞ്ഞെടുത്തത് കരുതിക്കൂട്ടിയാണ്. കാരണം വ്യാഴാഴ്ച ദിവസം കടപ്പുറത്ത് ആരും കടലില്‍ പോകില്ല. അന്ന് കടപ്പുറം വിജനമായിരിക്കും. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് മത്സ്യബന്ധനത്തിന് വിലക്ക് നിലനില്‍ക്കുന്നതുകൊണ്ട് പ്രത്യേകിച്ചും. ആളുകള്‍ ഓടിക്കൂടി അക്രമികളെ തിരിച്ചറിയാതിരിക്കാനും പെട്ടെന്ന് ആരും സഹായത്തിന് എത്താതിരിക്കാനും നന്നായി ആസൂത്രണം ചെയ്താണ് അക്രമികള്‍ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നും ഭീഷണിയുണ്ടായെങ്കിലും കോണ്‍ഗ്രസ് ആണോ ആക്രമണത്തിന് പിന്നിലെന്ന് ഉറപ്പില്ലെന്നും കോണ്‍ഗ്രസിനും സി.പി.എമ്മിനും ഒരുപോലെ മുസ്‌ലിം ലീഗ് എതിരാളികളാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് പോലീസ് എത്രയും വേഗം കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡോഗ് സ്‌ക്വാഡ്, ഫിംഗര്‍പ്രിന്റ് വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ അന്വേഷണത്തിന് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ മാത്രമല്ല പോലീസിനെതിരെയും അദ്ദേഹം തുറന്നടിച്ചിരുന്നു. യൂത്ത് ലീഗ് നേതാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് അന്ന് അദ്ദേഹം പോലീസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.

കാറും റിസോര്‍ട്ടിന്റെ ജനാലകളും അടിച്ച് തകര്‍ത്ത നിലയില്‍

Related posts

Leave a Reply

Your email address will not be published. Required fields are marked *