
തിരുവനന്തപുരം: കോണ്‍ഗ്രസ് എം.എല്‍.എ വി.ഡി.സതീശന് ധനമന്ത്രി ഡോ.തോമസ് ഐസക്കിനെതിരെ നല്കിയ അവകാശ ലംഘന നോട്ടീസും അതിനുള്ള മന്ത്രിയുടെ മറുപടിയും സ്പീക്കര്‍ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു. സഭയില്‍ വയ്ക്കുന്നതിന് മുമ്പ് സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നുവെന്നാരോപിച്ചാണ് വി.ഡി.സതീശന് അവകാശ ലംഘന നോട്ടീസ് നല്‍കിയത്.
ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിക്കെതിരായ അവകാശ ലംഘന നോട്ടീസ് സ്പീക്കര്‍ എത്തിക്സ് കമ്മിറ്റിക്ക് വിടുന്നത്. സി.എ.ജി റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുന്നതിന് മുമ്പ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയതിലൂടെ ഡോ.തോമസ് ഐസക് പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ധനമന്ത്രിയുടെ രാജിയും അദ്ദേഹം ആവശ്യപ്പെട്ടു.
സിഎജി റിപ്പോര്‍ട്ട് വെളിപ്പെടുത്തിയതിന്റെ പേരില്‍ എന്തു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയാറാണെന്നും എത്തിക്സ് കമ്മിറ്റിക്കു വിട്ടാല്‍ അവിടെ ഹാജരായി നിലപാടു വ്യക്തമാക്കാന്‍ ഒരുക്കമാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. എത്തിക്സ് കമ്മിറ്റിക്കു മുന്നില്‍ ഹാജരാകാന്‍ തയാറാണെന്നു മന്ത്രി തന്നെ പറഞ്ഞതിനാല്‍ സ്പീക്കര്‍ ആ വഴിക്കും നീങ്ങുമെന്ന് സൂചനയുണ്ടായിരുന്നു.