
തിരുവനന്തപുരം: ഷിപ്പിംഗ് കാര്‍ഗോ വഴി വന്ന പാഴ്‌സല്‍ വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചിരുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കുപ്പിവെള്ളം എന്ന പേരിലാണ് അന്ന് കാര്‍ഗോ എത്തിയത്. കോടതിയിലും ഇ.ഡി ഈ വിവരം ബോധിപ്പിച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് ഇ.ഡി. അതിനായി കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യംചെയ്യും. ശിവശങ്കറിന്റെ ഇടപെടലുകളെ കുറിച്ചുള്ള വിശദാംശങ്ങളും കുപ്പിവെള്ളം എന്ന പേരില്‍ വന്ന കാര്‍ഗോയില്‍ സ്വര്‍ണ്ണം ഉണ്ടായിരുന്നോയെന്നുമൊക്കെയാണ് ഇ.ഡി കസ്റ്റംസ് ഉദ്യോഗസ്ഥരോട് അന്വേഷിക്കുക.
യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ രണ്ടിനാണ് കാര്‍ഗോ കൊച്ചിയിലെത്തിയത്. സംശയത്തെ തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അന്ന് കാര്‍ഗോ പരിശോധിക്കാന്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും പിന്നീട് പരിശോധന ഇല്ലാതെ കര്‍ഗോ വിട്ടുകൊടുക്കുകയായിരുന്നു. സ്വപ്നയുടെ നിര്‍ദേശപ്രകാരമാണ് ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതെന്നാണ് ഇ.ഡി കണ്ടെത്തല്‍.