Breaking News

ചുമതലകളില്‍നിന്ന് നീക്കി: ബി.ജെ.പി വര്‍ക്കല ഘടകത്തിനെതിരെ മുന്‍ കൗണ്‍സിലര്‍ സ്വപ്‌ന ശേഖര്‍ !


വര്‍ക്കല: ബി.ജെ.പി കൗണ്‍സിലറെ പാര്‍ട്ടി ചുമതലകളില്‍നിന്ന് നീക്കി വര്‍ക്കല മണ്ഡലം കമ്മിറ്റിയുടെ പത്രക്കുറിപ്പ്. വര്‍ക്കല നഗരസഭ 27-ാം വാര്‍ഡില്‍ കഴിഞ്ഞ തവണ കൗണ്‍സിലറായിരുന്ന സ്വപ്‌ന ശേഖറിനെയാണ് പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍നിന്നും മാറ്റിനിര്‍ത്തിയതായി ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അജുലാല്‍ പത്രക്കുറിപ്പിറക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ അച്ചടക്ക നടപടിയുടെ ഭാഗമായാണ് മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചതെന്നാണ് പത്രക്കുറിപ്പില്‍ പറയുന്നത്.
എന്നാല്‍, ഇത് സംബന്ധിച്ച് തനിക്ക് യാതൊരുവിധ അറിയിപ്പും ലഭിച്ചിട്ടില്ലായെന്ന് സ്വപ്‌ന ശേഖര്‍ പ്രതികരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള വാര്‍ഡ് കമ്മിറ്റി എടുക്കുന്നതുവരെ എല്ലാ കാര്യങ്ങളും തന്നെ അറിയിക്കുകയും താന്‍ അതിലെല്ലാം പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനുശേഷം തന്നെ എല്ലാ കാര്യങ്ങളില്‍നിന്നും മാറ്റിനിര്‍ത്തുകയായിരുന്നുവെന്ന് അവര്‍ ബീക്കണ്‍ ന്യൂസിനോട്പറഞ്ഞു. എന്നെ അറിയിച്ചിട്ടുള്ള എല്ലാ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ വാര്‍ഡ് കമ്മിറ്റിയിലും എന്നെ പങ്കെടുപ്പിച്ചില്ല. വാര്‍ഡ് കമ്മിറ്റിയില്‍ കൗണ്‍സിലറുടെ പേര് വേണ്ടെന്ന് പറഞ്ഞ് എന്നെ ഒഴിവാക്കുകയായിരുന്നു. ആദ്യ വാര്‍ഡ് കമ്മിറ്റിയില്‍ വിളിക്കാതെയാണ് ഞാന്‍ പങ്കെടുത്തത്.
നിലവില്‍ പാര്‍ട്ടി ചുമതലകളൊന്നും എനിക്കില്ല. പാര്‍ട്ടിയില്‍നിന്ന് മാറിനില്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പാര്‍ട്ടിയുടെ മണ്ഡലം ചുമതല വഹിക്കുന്നവരുടെ പ്രവര്‍ത്തനങ്ങളിലുള്ള അതൃപ്തിയാണ് അതിന് കാരണം. അഞ്ച് വര്‍ഷം കൗണ്‍സിലറുടെ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി ഞാന്‍ നിര്‍വഹിച്ചിട്ടുണ്ട്.
ഉത്തരവാദിത്തങ്ങളില്‍നിന്ന് മാറ്റുന്നുവെന്ന് പത്രക്കുറിപ്പ് ഇറക്കുന്നതിന് മുമ്പ് എന്നോട് വിശദീകരണം ചോദിച്ചിട്ടില്ല. വിശദീകരണം ചോദിക്കാത്തതുകൊണ്ടാണ് ഞാന്‍ മറുപടി പറയാത്തത്. പാര്‍ട്ടി പരിപാടികളില്‍നിന്ന് എന്നെ മനപൂര്‍വ്വം മാറ്റി നിര്‍ത്തുന്നവെന്ന് കാണിച്ച് പാര്‍ട്ടി ജില്ലാ പ്രസിഡന്റിന് ഞാന്‍ കത്ത് നല്‍കിയിട്ടുണ്ട്.
ഒരു രൂപ കാശ് പാര്‍ട്ടിയില്‍നിന്ന് വാങ്ങാതെയാണ് ഞാന്‍ മത്സരിച്ച് ജയിച്ചത്. എന്നെ ജയിപ്പിച്ച ജനങ്ങളോട് പ്രതിബദ്ധതയുണ്ട്. ഇപ്പോഴത്തെ സംഭവ വികാസങ്ങളില്‍ ജനങ്ങളുമായി സംസാരിച്ച് അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയ ശേഷം പത്രസമ്മേളനം വിളിക്കുന്ന കാര്യം തീരുമാനിക്കും-സ്വപ്‌ന ശേഖര്‍ ബീക്കണ്‍ ന്യൂസിനോട് വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *