Breaking News

അനധികൃത നിര്‍മ്മാണം: ചോദ്യംചെയ്ത വീട്ടമ്മയ്ക്ക് നേരെ പ്രതികാര നടപടി

സുജാതയെന്ന വീട്ടമ്മ പത്രസമ്മേളനത്തിനിടെ


വര്‍ക്കല: അനധികൃത നിര്‍മ്മാണം ചോദ്യംചെയ്ത വീട്ടമ്മയ്ക്ക് നേരെ അഴിമതിരഹിത സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് വിളബ്ഭാഗം എസ്.സുശീന്ദ്രന്റെ പ്രതികാര നടപടി. വെട്ടൂര്‍ വെന്നികോട് വലയന്റകുഴി സ്വദേശി സുജാത(62)യാണ് പത്രസമ്മേളനം നടത്തി സുശീന്ദ്രനെതിരെ പരാതി ഉന്നയിച്ചത്.
സുജാതയുടെ ഉടമസ്ഥതയിലുള്ള 15 സെന്റ് വസ്തുവിന് ചേര്‍ന്നാണ് സുശീന്ദ്രന്റെ വീട്. സുജാതയുടെ പുരയിടത്തിലേക്ക് വെള്ളം വീഴത്തക്കവിധം സുശീന്ദ്രന്‍ തന്റെ പുരയിടത്തില്‍ ഷീറ്റ് കൊണ്ട് ഒരു ഷെഡ് നിര്‍മ്മിച്ചിട്ടുണ്ട്. ഇത് മഴക്കാലത്ത് സുജാതയുടെ പുരയിടത്തിലെ കൃഷിക്ക് നാശം ഉണ്ടാക്കുന്നതിനാല്‍ തന്റെ പുരയിടത്തിലേക്ക് നീണ്ടുനില്‍ക്കുന്ന ഷെഡിന്റെ ഭാഗം പൊളിച്ചുനീക്കണമെന്ന് ഇവര്‍ സുശീന്ദ്രനോട് ആവശ്യപ്പെട്ടു. മാത്രമല്ല, മതില്‍ ഷെഡിന്റെ ഒരു ഭിത്തിയായി നിലനിര്‍ത്തിയാണ് നിര്‍മ്മാണം.
എന്നാല്‍, തന്റെ പുരയിടത്തില്‍ തനിക്ക് ഇഷ്ടമുള്ള പോലെ എന്തു നിര്‍മ്മാണവും നടത്തുമെന്നും നീ കൊണ്ടുപോയി കേസ് കൊടുക്ക് എന്നുമായിരുന്നു ഇയാളുടെ മറുപടി. ഇതേത്തുടര്‍ന്ന് സുജാത പഞ്ചായത്തില്‍ പരാതി നല്‍കി. വസ്തുത ബോധ്യപ്പെട്ട പഞ്ചായത്ത് അധികൃതര്‍ സുശീന്ദ്രന്റെ പുരയിടത്തിലെ പ്രസ്തുത ഷെഡ് പൊളിച്ചുമാറ്റാന്‍ നിര്‍ദ്ദേശിച്ചു.

സുജാതയുടെ പുരയിടത്തിലേക്ക് ഷീറ്റ് ഇറക്കി നിര്‍മ്മിച്ചിരിക്കുന്ന ഷെഡ്‌


ഇതിനെത്തുടര്‍ന്ന് പിന്നീട് സുജാതയ്ക്ക് നേരിടേണ്ടി വന്നത് സുശീന്ദ്രന്‍ എന്ന വ്യക്തിയുടെ പ്രതികാര നടപടിയാണ്. ബി.പി.എല്‍ കാര്‍ഡ് കൈവശമുണ്ടായിരുന്ന സുജാതയ്ക്ക് അതിനുള്ള അര്‍ഹതയില്ലായെന്ന് ചൂണ്ടിക്കാട്ടി ഇയാള്‍ അധികൃതര്‍ക്ക് പരാതി നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ ബി.പി.എല്‍ കാര്‍ഡ് പിന്‍വലിച്ച് എ.പി.എല്‍. കാര്‍ഡാക്കി മാറ്റുകയും ചെയ്തു.
വര്‍ഷങ്ങളായി ബി.പി.എല്‍ കാര്‍ഡിന്റെ ആനുകൂല്യം കൈപ്പറ്റിയതിനു ശിക്ഷാനടപടിയായി 28,944 രൂപ പിഴയും അധികൃതര്‍ ഈടാക്കിയിട്ടുണ്ട്. അതേസമയം, തനിക്ക് ബി.പി.എല്‍ കാര്‍ഡിന് അര്‍ഹതയുണ്ടെന്ന് ഇവര്‍ പറയുന്നു. മകന്‍ രോഗിയാണെന്നും താന്‍ തൊഴിലുറപ്പ് പദ്ധതിക്ക് പോയാണ് ജീവിക്കുന്നതെന്നും സുജാത പറയുന്നു.
മാത്രമല്ല, കൃഷിയാവശ്യത്തിനോ മറ്റോ പുരയിടത്തില്‍ ഇറങ്ങിയാല്‍ ഇയാള്‍ തന്നോട് കേട്ടാലറയ്ക്കുന്ന അസഭ്യ വാക്കുകള്‍ പ്രയോഗിക്കാറുണ്ടെന്നും പുരയിടത്തില്‍ നിന്ന തന്നെ കമ്പെടുത്ത് എറിഞ്ഞ് ദേഹോപദ്രവം ഏല്‍പിക്കാന്‍ ശ്രമിച്ചതായും സുജാത പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
ഇക്കാര്യങ്ങള്‍ ബോധിപ്പിച്ച് വര്‍ക്കല പോലീസ് സ്‌റ്റേഷനില്‍ സുജാത പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സുശീന്ദ്രനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോള്‍ അയാള്‍ സ്‌റ്റേഷനില്‍ ഹാജരാകാന്‍ തയാറാകുന്നില്ലെന്ന മറുപടിയാണ് തനിക്ക് സ്റ്റേഷനില്‍നിന്ന് ലഭിച്ചതെന്നും ഇവര്‍ പറയുന്നു. അതേസമയം, സുജാത നല്‍കിയ പരാതിയില്‍ തുടര്‍ നടപടികള്‍ ഉടന്‍തന്നെ സ്വീകരിക്കുമെന്ന് വര്‍ക്കല പോലീസ് പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *