
തിരുവനന്തപുരം: കേരളത്തിലെ 6 ആശുപത്രികള്‍ക്കു കൂടി നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കോവിഡിനിടയിലും സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങള്‍ രാജ്യത്തു തന്നെ മികച്ചതായി മാറിയിരിക്കുകയാണ്. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യ 12 സ്ഥാനങ്ങളും കേരളം ഇപ്പോഴും നിലനിര്‍ത്തുകയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കിട്ടിയ ഈ നേട്ടം ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരം കൂടിയാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ 80 സ്ഥാപനങ്ങള്‍ക്ക് എന്‍ക്യുഎഎസ് അംഗീകാരം ലഭിച്ചിട്ടുണ്ട്. 3 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 5 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 6 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ എന്നിവയും 62 കുടുംബാരോഗ്യ കേന്ദ്രങ്ങളും എന്‍ക്യുഎഎസ് അംഗീകാരം നേടിയിട്ടുള്ള ആശുപത്രികളില്പെടുന്നു. പുതുതായി എന്‍ക്യുഎഎസ് അംഗീകാരം നേടിയ ആശുപത്രിയും സ്കോറും: കണ്ണൂര്‍ മാട്ടൂല്‍ പ്രാഥമികാരോഗ്യ കേന്ദ്രം(95.8 ശതമാനം), കൊല്ലം ചാത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രം(95.3 ശതമാനം), കോഴിക്കോട് പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം(93.5 ശതമാനം), കോട്ടയം വാഴൂര്‍ കുടുംബാരോഗ്യ കേന്ദ്രം(92.9 ശതമാനം), കണ്ണൂര്‍ മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രം(92.1 ശതമാനം), മലപ്പുറം വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രം(83.3 ശതമാനം).