Breaking News

വൃശ്ചികം പിറന്നു; അയ്യപ്പന്റെ തിരുനട തുറന്നു

ശബരിമല സന്നിധാനം. ഫയല്‍ ചിത്രം

പത്തനംതിട്ട: വൃശ്ചികപ്പുലരിയില്‍ ശരണംവിളികളോടെ അയ്യന്റെ തിരുനട ഭക്തര്‍ക്ക് ദര്‍ശനത്തിനായി തുറന്നു. ഇനി മകരവിളക്ക് ദര്‍ശനംവരെ വ്രതശുദ്ധിയോടെ ചിന്മയരൂപനെ ദര്‍ശിക്കാനെത്തുന്നവരുടെ ശരണമന്ത്രത്താല്‍ തിരുസന്നിധി പുളകച്ചാര്‍ത്തണിയും. അയ്യന്റെ പൂങ്കാവനത്തില്‍ വ്രതശുദ്ധിയുടെ തീര്‍ഥാടനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് പുലര്‍ച്ചെ മുതല്‍ തീര്‍ഥാടകരെ പ്രവേശിപ്പിച്ചു തുടങ്ങി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ശബരിമല തീര്‍ത്ഥാടനത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തിയാണ് ഭക്തരെ കടത്തിവിടുന്നത്. പുലര്‍ച്ചെ മൂന്ന് മണിമുതല്‍ ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിട്ടു തുടങ്ങി. വെര്‍ച്വല്‍ ക്യൂ വഴിയാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
ഞായറാഴ്ച വൈകിട്ടാണ് മണ്ഡല-മകരവിളക്ക് ഉത്സവത്തിന് തുടക്കം കുറിച്ച് ക്ഷേത്ര നട തുറന്നത്. പതിവില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ നട തുറന്ന ദിവസം ഭക്തര്‍ക്ക് ദര്‍ശനം അനുവദിച്ചില്ല. തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിച്ചു. തുടര്‍ന്ന് ഉപദേവതാ ക്ഷേത്രനടകളും തുറന്ന് വിളക്ക് തെളിച്ചു.
പതിനെട്ടാംപടിക്ക് മുന്നിലായുള്ള ആഴിയിലും മേല്‍ശാന്തി അഗ്‌നി പകര്‍ന്നു. അതിന് ശേഷം തന്ത്രി വിഭൂതിപ്രസാദം വിതരണം ചെയ്തു. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി കയറിവന്ന ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാരെ നിലവിലെ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി പതിനെട്ടാംപടിക്ക് മുകളില്‍വെച്ച് കൈപിടിച്ച് കയറ്റി ശ്രീകോവിലിനുമുന്നിലേക്ക് ആനയിച്ചു.
പിന്നീട് തന്ത്രി കണ്ഠര് രാജീവര് ശബരിമല മേല്‍ശാന്തിയെ അയ്യപ്പന് മുന്നില്‍വെച്ച് അഭിഷേകം നടത്തി അവരോധിച്ചു. ശേഷം തന്ത്രി മേല്‍ശാന്തിയെ ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ചുകയറ്റി തിരുനട അടച്ചശേഷം മേല്‍ശാന്തിയുടെ കാതുകളില്‍ അയ്യപ്പന്റെ മൂലമന്ത്രം ഓതി. മാളികപ്പുറം ക്ഷേത്ര ശ്രീകോവിലിനുമുന്നില്‍വെച്ച് മേല്‍ശാന്തി എം.എന്‍.രജികുമാറിനെയും അഭിഷേകം നടത്തി അവരോധിച്ചു.
നടതുറന്നപ്പോള്‍ ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍.വാസു, അംഗങ്ങളായ അഡ്വ. എന്‍.വിജയകുമാര്‍, കെ.എസ്.രവി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *