
ബിഹാര്‍: മത്സരിച്ച 29 സീറ്റുകളില്‍ 16 സീറ്റിലും ജയിച്ച ഇടത് പാര്‍ട്ടികള്‍ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗംഭീര പ്രകടനമാണ് നടത്തിയത്. ഇതോടെ ദേശീയ രാഷ്ട്രീയത്തില്‍ ഇടത് പ്രസ്ഥാനങ്ങളുടെ പങ്ക് അപ്രസക്തമല്ലെന്ന് തെളിയിക്കാനും അവര്‍ക്ക് സാധിച്ചു.
ബിഹാറില്‍ സിപിഐ എംഎല്‍എല്‍ 12 സീറ്റു നേടിയപ്പോള്‍ സിപിഐയും സിപിഎമ്മും രണ്ടു സീറ്റുകളില്‍ ജയിച്ചു. 2015-ല്‍ തകര്‍ന്നടിഞ്ഞ ഇടത് പാര്‍ട്ടികളുടെ തിരിച്ചുവരവിന് കൂടി സാക്ഷിയാവുകയായിരുന്നു ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്.
ഇടത് പാര്‍ട്ടികളെ എഴുതിത്തള്ളുന്നത് തെറ്റാണെന്നും കൂടൂതല്‍ സീറ്റുകള്‍ നല്കിയിരുന്നെങ്കില് കൂടുതല്‍ വിജയം നേടാമായിരുന്നുവെന്നുമാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തിയത്.
കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിരലിലെണ്ണാവുന്ന സീറ്റുകളിലേക്ക് ഇടത് പാര്‍ട്ടികള്‍ ഒതുങ്ങിയിരുന്നു. 2010 ല്‍ സിപിഐ ഒരു സീറ്റ് നേടിയതൊഴിച്ചാല്‍ കാര്യമായ മുന്നേറ്റം കാഴ്ചവയ്ക്കാന്‍ ഇടതുകക്ഷികള്‍ക്ക് ആയില്ല. 2015 ല്‍ സിപിഐഎംഎല്‍(ലിബറേഷന്‍) മൂന്നു സീറ്റുകള്‍ നേടിയപ്പോള്‍ മറ്റു രണ്ടു ഇടതു പാര്‍ട്ടികള്‍ക്കും അക്കൗണ്ട് തുറക്കാനായില്ല. ഈ നിലയില്‍ നിന്നാണ് 16 സീറ്റില്‍ വിജയവുമായി ഇടതിന്റെ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ചത്.
ഈ അവസരം നഷ്ടപ്പെടുത്തിയാല്‍ ജനാധിപത്യം അതിജീവിക്കില്ല എന്നായിരുന്നു സി.പി.ഐ(എം.എല്‍) ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദീപാശങ്കര്‍ ഭട്ടാചാര്യ മഹാസഖ്യത്തിന്റെ ഭാഗമായതിനെ കുറിച്ച് പ്രതികരിച്ചത്. ശരിക്കും അഭിമാന പോരാട്ടമായിട്ടായിരുന്നു ഇടത് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ബിഹാറിലെ ഇടതുപക്ഷം അതിന്റെ പഴയകാല പ്രതാപത്തിലേക്ക് തിരിച്ചുവാരാനുള്ള സാധ്യത കൂടിയാണ് ഈ തെരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികള്‍ പൊരുതി നേടിയ വന്‍ വിജയത്തിലൂടെ തെളിയിച്ചിരിക്കുന്നതെന്നു പറഞ്ഞാലും അതിശയോക്തിയാവില്ല.