
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടിക്കിട്ടാന്‍ ഇ.ഡി ഇന്ന് അപേക്ഷ നല്‍കും. ശിവങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇ.ഡിയുടെ നീക്കം.
കൊച്ചി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഇ.ഡി അപേക്ഷ നല്‍കുക. ലൈഫ് മിഷന് പദ്ധതിയില്‍ കള്ളപ്പണമായി ലഭിച്ച കമ്മിഷന് വെളുപ്പിക്കാന്‍ ശിവശങ്കര്‍ കൂട്ടുനിന്നോ എന്നും ഇ.ഡി അന്വേഷിക്കുന്നുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ചാനല്‍വഴി എത്തിച്ച സ്വര്‍ണ്ണം വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ഇടപെട്ടിട്ടുണ്ട്.
ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ഇ.ഡി കോടതിയെ ബോധിപ്പിച്ചിരുന്നു. ഹൈദരാബാദ് ആസ്ഥാനമായ പെന്നാര്‍ ഇന്‍ഡസ്ട്രീസിന് ലൈഫ് മിഷന്റെ കരാര്‍ നല്കുന്നതില് ശിവശങ്കറും സ്വപ്നയും ഇടപെട്ടെന്ന വിവരവും ഇഡി ഇന്ന് കോടതിയെ അറിയിച്ചേക്കും.