
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുടെ വീടുള്‍പ്പെടെ ആറിടത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം റെയ്ഡ് നടത്തുന്നു. ബംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സാമ്പത്തിക വിഭാഗത്തിന്റെ എട്ടംഗ സംഘമാണ് റെയ്ഡ് നടത്തുന്നത്.
ബിനീഷ് കോടിയേരിയുടെ മരുതംകുഴി കൂട്ടാന്‍വിളയിലുള്ള വീട്ടിലാണ് പരിശോധന നടക്കുന്നത്. അന്വേഷണ സംഘത്തില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ക്കൊപ്പം ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥരും ഉണ്ട്. കര്‍ണാടക പോലീസും സിആര്‍പിഎഫും അന്വേഷണ സംഘത്തെ സഹായിക്കാന്‍ എത്തിയിട്ടുണ്ട്.
ബിനീഷുമായി ബന്ധമുള്ളവരുടെ വീട്ടിലും ഓഫീസുകളിലും റെയ്ഡ് നടക്കുന്നുണ്ട്. ബിനീഷിന്റെ ബിസിനസ് പങ്കാളിയായ അബ്ദുള്‍ ലത്തീഫിന്റെ കവടിയാറിലെ വീട്ടിലും കാര്‍ പാലസ് എന്ന സ്ഥാപനത്തിലും റെയ്ഡ് നടക്കുകയാണ്.
സ്റ്റാച്യു ചിറക്കളം റോഡിലുള്ള ടോറസ് റമഡീസ് എന്ന സ്ഥാപനം, അരുണ്‍ വര്‍ഗീസ് എന്ന വ്യക്തിയുടെ പട്ടം സെന്റ് മേരീസ് സ്കൂളിന് സമീപമുള്ള ഓഫീസ്, അരുവിക്കരയിലുള്ള അല്‍ജസാം എന്ന ആളിന്റെ വീട് എന്നിവിടങ്ങളിലും ഇ.ഡി റെയ്ഡ് നടത്തുന്നു.
സ്വത്തുവകകളുടെ കൂട്ടത്തില്‍ ഈ വീടിനെക്കുറിച്ചുള്ള വിവരം ബിനീഷ് ഇ.ഡി.യോട് വ്യക്തമാക്കിയിരുന്നു. ബിനീഷിന്റെ പേരിലുള്ള കെ.എല്‍. 01 ബി.കെ. 55 രജിസ്ട്രേഷനിലുള്ള ഇന്നോവ കാര്‍ വീട്ടുമുറ്റത്തുണ്ടായിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ നിയമസഭാ ഹോസ്റ്റല്‍ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ കാറാണ് ബിനീഷ് സ്ഥിരമായി ഉപയോഗിച്ചിരുന്നത്.
ഇന്നലെ തിരുവനന്തപുരത്ത് എത്തിയ അന്വേഷണ സംഘം ഇന്ന് രാവിലെ 9.30-ഓടെ ബിനീഷിന്റെ വീട്ടിലെത്തി. താക്കോല്‍ ലഭിക്കാത്തതിനാല്‍ അര മണിക്കൂറം വൈകിയാണ് റെയ്ഡ് തുടങ്ങിയത്. കോടിയേരി ബാലകൃഷ്ണനും ഭാര്യയും എ.കെ.ജി സെന്ററിന് മുന്നിലുള്ള ഫ്ളാറ്റിലാണ് താമസം.