
വര്‍ക്കല: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പറയുമ്പോഴും നടപടികള്‍ വാക്കിലൊതുങ്ങുന്നുവെന്നതിന് തെളിവായി വര്‍ക്കല എസ്.ബി.ഐയ്ക്ക് മുന്നില്‍ ആള്‍ക്കൂട്ടം. 10 പത്ത് വയസ്സിന് താഴെയുള്ളവരും 60 വയസ്സിന് മുകളിലുള്ളവരും ആള്‍ക്കൂട്ടത്തിലുണ്ടെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
ബാങ്കിന്റെ പ്രവേശനകവാടം അടച്ചിട്ട് സെക്യൂരിറ്റിയുടെ നിയന്ത്രണത്തിലാണ് ആള്‍ക്കാരെ ബാങ്കിനകത്തേക്ക് പ്രവേശിപ്പിക്കുന്നത്. അതിനാല്‍ ബാങ്കിന് മുന്നില്‍ ജനങ്ങള്‍ തടിച്ചുകൂടുന്ന അവസ്ഥയാണുള്ളത്. എന്നാല്‍, ഈ ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ച് കോവിഡിനെ പ്രതിരോധിക്കാന്‍ തറയില്‍ വരച്ചിരിക്കുന്ന അഞ്ചോ ആറോ വൃത്തങ്ങള്‍ മാത്രമാണുള്ളത്.
ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന് ബാങ്കിനകത്തേക്ക് പ്രവേശിക്കുന്ന ജനങ്ങളെ നിയന്ത്രിക്കേണ്ടതിനാല്‍ ബാങ്കിന് പുറത്തെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതില്‍ പരിമിതികളുണ്ട്. ഇവിടെയാണ് മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇക്കാര്യത്തില്‍ കാണിക്കുന്ന അലംഭാവം വ്യക്തമാകുന്നത്.
എസ്.ബി.ഐയ്ക്ക് നേരെ എതിര്‍വശത്താണ് പോലീസ് സ്‌റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. പോലീസ് സ്‌റ്റേഷനില്‍നിന്ന് നോക്കിയാല്‍ ബാങ്കിന് മുന്നിലുള്ള ഈ ആള്‍ക്കൂട്ടം ശ്രദ്ധപ്പെടുമെന്ന കാര്യം ഉറപ്പാണ്. എന്നിട്ടും അവസരത്തിനൊത്ത് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പോലീസ് തയാറാവുന്നില്ലെന്നതാണ് വസ്തുത.
മാസമാദ്യം ക്ഷേമപെന്‍ഷനുകള്‍ അക്കൗണ്ടില്‍ എത്തുന്നതോടെ ബാങ്കിന് മുന്നില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇക്കാര്യം മുന്‍കൂട്ടി അറിയാമായിരുന്നിട്ടും മുനിസിപ്പാലിറ്റിയുടെ ആരോഗ്യ വിഭാഗവും ഇക്കാര്യത്തില്‍ ഉചിതമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. സംസ്ഥാനമൊട്ടാകെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് സംഭവിക്കുമ്പോള്‍ പ്രതിഷേധാര്‍ഹമായ അലംഭാവമാണ് വര്‍ക്കല നഗരസഭാ അധികൃതരുടെയും പോലീസ് വകുപ്പിന്റെയും ഭാഗത്തുനിന്നുണ്ടാകുന്നത്.
കഴിഞ്ഞ മാസം ക്ഷേമപെന്‍ഷന്‍ വിതരണ വേളയില്‍ ബീക്കണ്‍ ന്യൂസ് ഇക്കാര്യം വാര്‍ത്തയാക്കിയിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പെട്ടതിന്റെ ഭാഗമായി കുറച്ചു ദിവസം ഒരു സിവില്‍ പോലീസ് ഓഫീസറുടെ സേവനം ബാങ്കിന് മുന്നില്‍ ലഭ്യമായിരുന്നു. എന്നാല്‍ ഈ മാസം അത് കണ്ടറിഞ്ഞു പ്രവര്‍ത്തിക്കുന്ന ലക്ഷണമൊന്നും കാണുന്നില്ല. ഒരു പക്ഷേ വാര്‍ത്ത വരട്ടെ, എന്നിട്ടിറങ്ങാമെന്ന് കരുതിയിരിക്കുകയാവാം.