Breaking News

വാളയാര്‍ കേസ്: മുഖ്യമന്ത്രിക്കെതിരെ മുന്‍ പ്രോസിക്യൂട്ടര്‍

ജലജ മാധവന്‍

പാലക്കാട്: വാളയാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ക്രൂരപീഡനത്തിരയായി കൊല്ലപ്പെട്ട കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുന്‍ പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍. വാളയാര്‍ കേസില്‍ സംഭവിച്ച വീഴ്ച തന്റെ തലയില്‍ കെട്ടിവച്ച് ഒഴിഞ്ഞുമാറാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്.
വാളയാര്‍ കേസില്‍ പ്രോസിക്യൂട്ടമാരുടെ വീഴ്ച എന്നു പറയാതെ, ആരുടെ വീഴ്ച, എവിടെ എന്നു കൃത്യമായി പറയണമെന്ന് ആവശ്യപ്പെട്ട ജലജ മാധവന്‍ മുഖ്യമന്ത്രി പുകമറ സൃഷ്ടിക്കുന്നത് എന്തിനാണെന്നും ചോദിച്ചു. വാളയാര്‍ കേസില്‍ സിഡബ്ല്യുസി ചെയര്‍മാന്‍ ഒരു പ്രതിക്ക് വേണ്ടി ഹാജരാവുകയും അതിനെതിരെ അന്വേഷണം വന്നപ്പോള്‍ സത്യസന്ധമായി മൊഴി കൊടുത്തതിനും പിന്നാലെയാണ് തന്നെ മാറ്റിയതെന്നും അവര്‍ വ്യക്തമാക്കി.
വാളയാര്‍ കേസില്‍ വീഴ്ച വരുത്തിയത് പ്രോസീക്യൂട്ടര്‍മാരാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അവരെ മാറ്റിയെന്നും മുഖ്യമന്ത്രി പറയുന്നു. യാതൊരു കാരണവും അറിയിക്കാതെയാണ് തന്നെ മാറ്റിയത്. വാളയാര്‍ കേസിന്റെ സമയത്ത് കഷ്ടിച്ച് മൂന്ന് മാസം മാത്രം പ്രോസിക്യൂട്ടര്‍ ആയിരുന്നു. കേസിന്റെ തുടക്കവും അവസാനവും ഞാനല്ല.
എല്‍ഡിഎഫ് ഭരണത്തില്‍ വന്നപ്പോള്‍ പാലക്കാട് അടക്കമുള്ള 6 ജില്ലകളിലെ യുഡിഎഫ് കാലത്തുള്ള സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാര്‍ സര്‍ക്കാരിനെതിരെ കേസ് കൊടുക്കുകയും സ്റ്റേയുടെ ബലത്തില്‍ തുടരുകയും ചെയ്തു. ഒടുവില്‍ കേസില്‍ സര്‍ക്കാര്‍ ജയിച്ചപ്പോള്‍ അവരെ മാറ്റുകയും 2019 മാര്‍ച്ചില്‍ പുതിയ പ്രോസിക്യൂട്ടര്‍മാര്‍ വരുകയു ചെയ്തു. എന്നാല്‍ കഷ്ടിച്ച് മൂന്നു മാസം കഴിയുമ്പോഴേക്കും കാരണം ഒന്നും പറയാതെ തന്നെ മാറ്റി. യുഡിഎഫ് കാലത്തുണ്ടായിരുന്ന പഴയ പ്രോസിക്യൂട്ടറെ വീണ്ടും നിയമിച്ചു. യുഡിഎഫ് കാലത്തെ പ്രോസിക്യൂട്ടറെ വീണ്ടും നിയമിക്കാനുള്ള കാരണം എന്താണെന്നും അവര്‍ ചോദിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *